ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയായിരുന്നു മുപ്പതുകാരിയായ പ്രീത. ഏതൊരു പെണ്‍കുട്ടിയുടെയും മനസ്സില്‍ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതക്കുമുണ്ട്. എന്നാല്‍ തന്റെ വിരൂപം കാരണം എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട ജീവിക്കാനാണ് എന്റെ വിധി എന്നാണ് അവർ കരുതിയത്. തന്നെയൊരു മനുഷ്യനായിട്ട് കണ്ടുകൂടെ എന്ന പ്രീതയുടെ ചോദ്യം മലയാളികളെ ഏറെ അസ്വസ്ഥമാക്കിയിരുന്നു.
തന്റെ രൂപം അന്നം നല്‍കുന്ന ജോലിക്കു പോലും തടസമായതോടെയാണ് പ്രീതയെന്ന സാധാരണക്കാരി കണ്ണീരോടെ സോഷ്യല്‍ മീഡിയക്കു മുന്നിലെത്തുന്നത്. ഇപ്പോഴിതാ ആ കണ്ണീരിനും നന്മമനസുകളുടെ പ്രാര്‍ത്ഥനകള്‍ക്കും പൂര്‍ണത കൈവന്നിരിക്കുകയാണ്.
കുത്ത് വാക്കുകള്‍ കേട്ട് നാലു ചുമരുകള്‍ക്കുള്ളില്‍ ജീവിതം ഹോമിച്ചിരുന്ന പ്രീത ഗായികയാവാനൊരുങ്ങുകയാണ് . ഒരു കൂട്ടായ്മയുടെ വിജയം കൂടിയാണിത്. കാന്‍സറിനെ തോല്‍പ്പിച്ച് മലയാളിക്ക് പ്രിയങ്കരനായ നന്ദുവിന്റെ വരികളാണ് പ്രീത പാടുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി നന്ദു ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇത് പ്രീതച്ചേച്ചിയുടെ ചലഞ്ച്
തന്റെ രൂപത്തിന്റെ പേരില്‍ കളിയാക്കിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നില്‍ തലയുയര്‍ത്തി നെഞ്ചുവിരിച്ചു നിന്ന് പ്രീതച്ചേച്ചി പാടും. ആദ്യമായി പാടുന്നതിനാല്‍ ചെറിയൊരു നാണവും പേടിയും ഒക്കെയുണ്ട്. എന്നാലും ഞങ്ങള്‍ പാടിക്കും. ചേച്ചിയുടെ ആ സ്വപ്നം ഞങ്ങള്‍ പൂവണിയിപ്പിക്കും. പരിഹാസങ്ങള്‍ക്കും കളിയാക്കിച്ചിരികള്‍ക്കും മുന്നില്‍ മനസ്സ് മടിച്ച് ഒതുങ്ങിയിരുന്ന ഒരു പാവം കുട്ടിയെ, ഇന്ന് ഭയമില്ലാതെ ആയിരക്കണക്കിന് പേരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് സംസാരിക്കാന്‍ വരെ പ്രാപ്തയാക്കിയ നിഷ ചേച്ചിയ്ക്കും കൂട്ടുകാര്‍ക്കും മുന്നില്‍ ശിരസ്സ് നമിക്കുന്നു.
നിങ്ങളാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ്.. ഇതാണ് യഥാര്‍ത്ഥ ഫെമിനിസം..
വളയിട്ട കൈകള്‍ ശക്തമാണ് എന്നുറപ്പിക്കാന്‍ അവള്‍ പാടും. പരിഹാസങ്ങള്‍ക്ക് മുന്നില്‍ തോറ്റ് കൊടുക്കാനുള്ളതല്ല ജീവിതം എന്ന് തെളിയിക്കാന്‍ അവള്‍ പാടും. സ്‌നേഹത്തോടെ അഭിമാനത്തോടെ അവളെ ചേര്‍ത്ത് നിര്‍ത്താന്‍ ഇവിടെ ആയിരക്കണക്കിന് നന്മ മനസ്സുകള്‍ ഉള്ളിടത്തോളം കാലം അവള്‍ അബലയല്ല !
മറ്റൊരാളുടെ കുറവുകള്‍ കണ്ടിട്ടുള്ള അനാവശ്യ സഹതാപങ്ങളും പുച്ഛിച്ച നോട്ടങ്ങളും ഈ സമൂഹത്തില്‍ നിന്ന് തുടച്ചു മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്
പ്രീതച്ചേച്ചിയുടെ ജീവിതത്തില്‍, പ്രകാശം പരക്കട്ടെ, പ്രാര്‍ത്ഥനകള്‍ !
ഇങ്ങനൊരു ആഗ്രഹം പറഞ്ഞപ്പോള്‍ തന്നെ അവസരം നല്‍കിയ മുരളി മാഷിനോട് ഒന്നും പറയാനില്ല..ദൈവത്തെ നിങ്ങളില്‍ കാണുന്നു. മുഴുവന്‍ നന്മയും നിഷ ചേച്ചിയ്ക്കാണ്