ഐപിഎല്‍ പോയന്റ് പട്ടികയില്‍ മുമ്പിലുള്ള ടീമുകളിലൊന്നാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ രണ്ടും കല്‍പ്പിച്ചിറങ്ങിയ പ്രീതി സിന്റയും സംഘവും പണം വാരിയെറിഞ്ഞ് കെ.എല്‍.രാഹുലിനെയും കരുണ്‍ നായരെയും ക്രിസ് ഗെയിലിനേയുമെല്ലാം ടീമിലെത്തിക്കുകയായിരുന്നു. അഫ്ഗാന്‍ താരം മുജീവ് റഹ്മാനേയും ടീമിലെത്തിച്ചു. കൂട്ടിന് ആന്‍ഡ്രു ടൈയും അങ്കിത് രജ്പുതും. തീരുമാനങ്ങളെല്ലാം ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഇതുവരെയുള്ള ടീമിന്റെ പ്രകടനവും. ഇതിനിടെ ടീമിന്റെ ഹോം ഗ്രൗണ്ട് മൊഹാലിയില്‍ നിന്നും ഇന്‍ഡോറിലേക്ക് മാറ്റുകയും ചെയ്തു. ഇന്‍ഡോറിലെത്തിയതോടെ പ്രശസ്തമായ ഖാജ്റാണ മന്ദിറിലെത്തി പ്രാര്‍ത്ഥിക്കാനായിരുന്നു പ്രീതിയുടെ തീരുമാനം.
നഗരത്തില്‍ തന്നെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠ ഗണപതിയാണ്. ഇന്ത്യന്‍ ടീം താരം അജിങ്ക്യ രഹാനെ ഈ ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനാണ്. ബോളിവുഡ് താരമായതിനാല്‍ ആളുകളെ പെട്ടെന്നു തിരിച്ചറിയും എന്നതിനാല്‍ മുഖം മറച്ചായിരുന്നു പ്രീതി ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ ക്ഷേത്രത്തിലെത്തിയവരും അമ്പലത്തിലെ പൂജാരിയുമെല്ലാം തിരിച്ചറിഞ്ഞു. അതുമാത്രമല്ല, പ്രാര്‍ത്ഥനയില്‍ മുഴുകി നില്‍ക്കുന്ന പ്രീതിയുടെ വീഡിയോ പൂജാരി തന്നെ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിടുകയും ചെയ്തു. പ്രാര്‍ത്ഥനക്കിടെ തന്നെ തിരിച്ചറിഞ്ഞവരോട് ബഹളമുണ്ടാക്കരുതെന്ന് ആംഗ്യം കാണിക്കുന്ന പ്രീതിയേയും വീഡിയോയില്‍ കാണാം. എന്തായാലും പ്രീതിയുടെ പ്രാര്‍ഥന ഫലം കണ്ടു. രാജസ്ഥാനെതിരേ ആറു വിക്കറ്റിന് പഞ്ചാബ് ജയിച്ചു. വീഡിയോ വൈറലാവുകയും ചെയ്തു.