കെ.പി.സി.സിക്ക് താത്കാലിക അദ്ധ്യക്ഷന്‍ ഉടന്‍.ഉമ്മന്‍ ചാണ്ടിയുടെ നോമിനിക്ക് രമേശിന്റെ രഹസ്യ പിന്തുണ.കേരളത്തിലും ബിജെപി വളരും

തിരുവനന്തപുരം:കെ.പി.സി.സിക്ക് താത്കാലിക അദ്ധ്യക്ഷന്‍ ഉടനുണ്ടാകുമെന്ന് സൂചന.ഉമ്മന്‍ ചാണ്ടിയുടെ നോമിനിക്ക് രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണ ഉണ്ട് .അതിനാല്‍ തന്നെ ഉമ്മന്‍ ചാണ്ടി നിര്‍ദേശിക്കുന്ന ഒരാള്‍ ആയിരിക്കും താല്‍ക്കാലിക പ്രസിഡണ്ട് സ്ഥാനത്തേക്ക് വരിക .ഉടന്‍ തന്നെ പ്രസിഡണ്ടിനെ തീരുമാനിക്കാതെ താത്കാലിക അദ്ധ്യക്ഷനെ നിയമിക്കുന്ന കാര്യമാണ് ഹൈക്കമാന്‍ഡും പ്രധാനമായും പരിഗണിക്കുന്നതെന്ന് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിനു വിവരം ലഭിച്ചു. വിദേശ ചികിത്സയ്ക്ക് ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് വെളുപ്പിന് തിരിച്ചെത്തും. താത്കാലിക അദ്ധ്യക്ഷന് ചുമതല നല്‍കാനുള്ള നിര്‍ദ്ദേശം സോണിയ അംഗീകരിച്ചാല്‍ പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. സംഘടനാ തിരഞ്ഞെടുപ്പ് നടക്കും വരെ താത്കാലിക അദ്ധ്യക്ഷന്‍ തുടരും. ഇതില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് ഇരു ഗ്രൂപ്പിലെയും നേതാക്കള്‍.MM HASAN
സ്ഥിരം അദ്ധ്യക്ഷന്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ വരട്ടെ എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഡിസംബറില്‍ സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. നേതാക്കളുമായി വിശദമായ ചര്‍ച്ച നടത്താതെ സ്ഥിരം അദ്ധ്യക്ഷനെ നിയമിക്കുന്നതിലെ ബുദ്ധിമുട്ടും ഹൈക്കമാന്‍ഡ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കെ.പി.സി.സി അദ്ധ്യക്ഷനെ ചൊല്ലിയുള്ള തര്‍ക്കം ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല. താത്കാലിക അദ്ധ്യക്ഷ നിയമനത്തോട് പല മുതിര്‍ന്ന നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെങ്കിലും യോജിച്ച് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ് പറയുന്നത് അംഗീകരിക്കേണ്ടി വരും.
അദ്ധ്യക്ഷ പദവി എ ഗ്രൂപ്പിന് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കെ.എസ്.യു സംഘടനാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ നിലംപരിശാക്കി വന്‍ വിജയം ഉറപ്പാക്കിയതിന്റെ ആത്മവിശ്വാസവും എ ഗ്രൂപ്പിനുണ്ട്. താത്കാലിക അദ്ധ്യക്ഷ സ്ഥാനത്തേക്ക് എം.എം. ഹസന്റെ പേര് ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചതായും അറിയുന്നു. എന്നാല്‍ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പില്‍ നിന്ന് ആരുടെയും പേര് നിര്‍ദ്ദേശിച്ചതായി സൂചനയില്ല. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുതിര്‍ന്ന നേതാക്കളുമായി ഇന്നലെ ആശയവിനിമയം നടത്തി. എന്നാല്‍ ഹൈക്കമാന്‍ഡ് എന്ത് മാനദണ്ഡമാണ് മുന്നോട്ടു വയ്ക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല. സോണിയാ ഗാന്ധിക്ക് നല്‍കാനായി നേതാക്കളുടെ അഭിപ്രായം ശേഖരിക്കുക മാത്രമാണ് ചെയ്തത്.

Top