
കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിൽചാനൽ ചർച്ചയിൽ പങ്കെടുക്കുകയോ, മാധ്യമങ്ങളിൽ അഭിപ്രായം പറയുകയോ ചെയ്യരുതെന്ന് നടീ – നടൻമാർക്ക് താരസംഘടനയുടെ നിർദ്ദേശം.കൊച്ചിയിൽ തുടങ്ങിയ അമ്മ എക്സിക്യൂട്ടീവ് യോഗത്തിന്റെ തീരുമാനമായാണ് മാധ്യമ വിലക്ക്.മാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായം പറയുന്നത് സംഘടനക്കും – മലയാള സിനിമ വ്യവസായത്തിനും ദോഷം ചെയ്യുമെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി.കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിലാണ് ദിലീപ് അക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പൾസർ സുനി നടിയുടെ സുഹൃത്തായിരുന്നുവെന്ന തരത്തിലായിരുന്നു ദിലീപിന്റെ പരാമർശം.ഇതിനെതിരെ നിയമ നടപടിക്ക് നടി ഒരുങ്ങുകയാണ് .ഈ സാഹചര്യത്തിലാണ് ഇനി ചാനൽ ചർച്ചകളിൽ ഈ വിഷയത്തിൽ പങ്കെടുക്കേണ്ടെന്ന് അമ്മ നിലപാടെടുത്തിരിക്കുന്നത്.
അതേ സമയം എക്സിക്യൂട്ടീവിന്റെ അഭിപ്രായം മാത്രമാണിതെന്നും ജനറൽ ബോഡി യോഗത്തിൽ തങ്ങൾ തങ്ങളുടെ നിലപാട് പറയുമെന്നുമാണ് ഇതിനോടുള്ള താരങ്ങളുടെ പ്രതികരണം. നടിയെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിന്റെ മുൾമുന ദിലീപിനെതിരെ നീണ്ടത് സിനിമ വ്യവസായത്തെ തന്നെ പിന്നോട്ടടിക്കുമെന്ന നിലപാടാണ് അമ്മയ്ക്കുള്ളത്.
പുതിയ സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നിന്ന് മഞ്ജു വാര്യർ വിട്ടു നിന്നേക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത് .ഇപ്പോഴത്തെ ചർച്ചകളിൽ നേരിട്ട് പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിലാണ് അവരെന്നും സൂചനയുണ്ട്
അതേസമയം മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപും, നാദിർഷായും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. തങ്ങൾക്കടുപ്പമുള്ള ഒരു സംവിധായകനാണ് ഇതിനെല്ലാം പിന്നിലെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ഈ സംവിധായകനും അദ്ധേഹത്തിന്റെ കുടുംബത്തിനും പൾസർ സുനിയെ നേരിട്ടറിയാമെന്നും ദിലീപും നാദിർഷായും പോലീസിനോടു പറഞ്ഞെന്നും പറയപ്പെടുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ ബുക്ക് ലെറ്റുമായാണ് അന്വേഷണ സംഘം ഇരുവരേയും ചോദ്യം ചെയ്തത്.പൾസർ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20- ഓളം ചോദ്യങ്ങൾ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിർഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിന് ശേഷമാണ് കേസിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. രണ്ട് പേരുടേയും മൊഴികളിൽ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന മുൻ നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കം നടക്കുന്നതായും നടൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് .ആലുവ പോലീസ് ക്ലബിൽ മൊഴിയെടുപ്പ് മണിക്കൂറുകളായി തുടരുകയാണ്.