പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികന് 7 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാ.രാജു കൊക്കനാണ് കേസിലെ പ്രതി.
തൃശ്ശൂർ അതിവേഗ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്. പിഴയായി അടച്ച തുക അതിജീവിതക്ക് നൽകണമെന്ന് വിധി പ്രഖ്യാപിച്ചു കൊണ്ട് ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ഉത്തരവിട്ടു. 2014 ലാണ് കേസിനസ്പദമായ സംഭവം നടന്നത്. സംഭവം നടന്ന കാലഘട്ടത്തിൽ തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായി തുടർന്ന് വരികെയായിരുന്നു ഫാ.രാജു കൊക്കൻ.
ഈ സമയത്ത് സാമ്പത്തികമായി പിന്നോക്കാം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടിയെ ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കൻ പീഡിപ്പിച്ചത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചിത്രം മൊബൈലിൽ പകർത്തിയെന്നുമായിരുന്നു പരാതി. ഇവയെല്ലാം അന്വേഷണത്തിൽ തെളിയിക്കപ്പെടുകയും ചെയ്തു.
പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്ന് ഷാഡോ പൊലീസ് പിടികൂടി.
ആദ്യകുർബാന ക്ലാസ്സിലെ കുട്ടികളും , അദ്ധ്യാപകരും, പുരോഹിതരും അടക്കമുള്ള സാക്ഷികളുടെ മൊഴിയും മൊബൈൽ ഫോൺ വഴി എടുത്ത ഫോട്ടോകളും കേസ്സിൽ നിർണ്ണായകമായ തെളിവുകളായി പരിഗണിച്ചു കൊണ്ടാണ് കോടതി കേസ് തീർപ്പാക്കിയത്. സമൂഹത്തിൽ ആദരവർഹിക്കുന്ന തികച്ചും മാതൃകാപരമായി പ്രവർത്തിക്കേണ്ട ഒരു ആരാധനാലയത്തിലെ പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണെന്ന് വിലയിരുത്തിയ കോടതി പ്രതി അക്കാരണത്താൽ തന്നെ പരിഗണന അർഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.