കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധ സമരത്തില്‍ സമവായ നീക്കവുമായി സ്ഥിരം സിനഡ്. സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന്റെ അംഗങ്ങള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഉപവാസം നടത്തുന്ന വൈദികരുമായി ചര്‍ച്ച നടത്തും. ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്റെ പേരില്‍ വേട്ടയാടുന്നുവെന്നാണ് സമരം ചെയ്യുന്ന വൈദികര്‍ ആരോപിക്കുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് സ്ഥിരം സിനഡ് യോഗം ചേരുമെന്നാണ് സൂചന. എന്നാല്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ സ്ഥിരം സിനഡിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. എന്നാല്‍ അതിരൂപതയുടെയും സിനഡിന്റെയും നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന വൈദികരുടെ ആവശ്യം കര്‍ദിനാളും അംഗീകരിക്കാനിടയില്ല.
കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ വൈദികരെയും അത്മായരേയും കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്നും ഭൂമി ഇടപാട് കേസുകള്‍ പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നുമാണ് വൈദികരുടെ ആരോപണം. പ്രതികാര നടപടിയില്‍ നിന്ന് കര്‍ദിനാള്‍ പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കേസില്‍ വിട്ടുവീഴ്ച ചെയ്യാനുള്ള സാധ്യത കര്‍ദിനാള്‍ പക്ഷത്തുനിന്നും ഉണ്ടാകാനും ഇടയില്ല.
അതേസമയം, വൈദികര്‍ക്കും കര്‍ദിനാളിനും പിന്തുണ അറിയിച്ച് കൂടുതല്‍ പേര്‍ ഇന്ന് അതിരൂപത ആസ്ഥാനത്തേക്ക് എത്തിയേക്കും. വിവിധ ഫൊറോനകളുടെ കീഴിലുള്ള പള്ളികളില്‍ നിന്നുള്ള വൈദികര്‍ ഇന്ന് അരമനയില്‍ എത്തും. ഇടവകകളില്‍ നിന്ന് വിശ്വാസികളും അത്മായ സംഘടനകളുടെ പ്രതിനിധികളും എത്തിച്ചേരാണും ഇടയുണ്ട്.
എന്നാല്‍ വൈദികരുടെ സമരത്തെ നേരിടാനുള്ള നീക്കം കര്‍ദിനാള്‍ പക്ഷത്തുള്ളവരും സ്വീകരിക്കുന്നുണ്ട്. രണ്ടു ദിവസത്തിനകം സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വിശ്വാസികളെ അണിനിരത്തി പ്രതിഷേധിക്കുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. സ്ഥിരം സിനഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സഭയുടെ തീരുമാനങ്ങളുമായി യോജിച്ചുപോകുകയാണ് എല്ലാവര്‍ക്കും നല്ലതെന്നും കാണിച്ച് അതിരൂപത ആസ്ഥാനത്ത് എത്തി കര്‍ദിനാള്‍ പക്ഷം പ്രതിഷേധം അറിയിച്ചു.