തിരുവനന്തപുരം: അന്തസ്സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരില്‍നിന്ന് നികുതിയായി പിരിഞ്ഞുകിട്ടാനുള്ളത് 15 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അനുകൂലമായ ഹൈക്കോടതി വിധിയുണ്ടായിട്ടും കുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പിന് കഴിഞ്ഞിട്ടില്ല.
2014 ഏപ്രില്‍ മുതല്‍ 2016 ജൂലായ് വരെയുള്ളതാണ് നികുതി കുടിശ്ശിക. ഇക്കാലയളവില്‍ കര്‍ണാടകത്തില്‍നിന്നു വന്ന കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങള്‍ക്ക് ഒരു സീറ്റിന് ത്രൈമാസനികുതി 1540-ല്‍നിന്ന് 4000 രൂപയായി ഉയര്‍ത്തി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച സുരേഷ് കല്ലട സ്റ്റേ സമ്പാദിച്ചു. 2016 ജൂലായില്‍ അന്തിമവിധി വരുന്നതുവരെ 1540 രൂപവെച്ചാണ് നികുതി അടച്ചത്.
ഇതിനിടെ എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍പരിശോധന. നിരവധി ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. ജില്ലയിലെ വിവിധ ചെക്ക് പോസ്റ്റുകളില്‍ പരിശോധന. എറണാകുളത്തിന് പിന്നാലെ തൃശ്ശൂരും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ഇടപ്പള്ളിയില്‍ രാവിലെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധനയില്‍ എട്ട് ബസ്സുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
30 ഓളം വാഹനങ്ങള്‍ പിടിച്ചിട്ട് പരിശോധിച്ചത്. തൃശ്ശൂരില്‍ പരിശോധിച്ചവയും വീണ്ടും പരിശോധിക്കുന്നത്. ലഗേജ് വയ്ക്കുന്നിടത്ത് അനധീകൃതമായി വസ്തുക്കള്‍ കടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ചരക്ക് സേവന നികുതിയിലും വന്‍ തട്ടിപ്പാണ് നടക്കുന്നത്.
ഇത്തരത്തില്‍ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളില്‍ ചട്ടലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നടപടികള്‍ ആലോചിക്കാന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ഇന്ന് ചേരും. ഗതാഗത കമ്മീഷണര്‍, ഡിജിപി, കെഎസ്ആര്‍ടിസി എംഡി എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
കല്ലട ബസ്സിലുണ്ടായ മര്‍ദ്ദനത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് അന്തര്‍സംസ്ഥാന ബസ്സുകളില്‍ പരിശോധനകള്‍. മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലടയെ ഇന്ന് ചോദ്യം ചെയ്തേക്കും എന്ന് സൂചനയുണ്ട്.