വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയത് സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായി പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പമാണ്. എന്നാല്‍ കേരളത്തിലെ പ്രിയങ്കയുടെ ആദ്യ ദിനം അത്ര സുഖകരമായിരുന്നില്ല.വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിലെ സ്ഥിരതാമസക്കാരനായ മരപ്പട്ടിയാണ് പ്രിയങ്കയുടെ ഉറക്കം കെടുത്തിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എത്തുന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം പതിനൊന്നരയോടെ ഉറങ്ങാനായി മുറിയിലേക്ക് എത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് തട്ടിന്‍പുറത്തെ ശബ്ദം കേട്ട് പ്രിയങ്ക ഗാന്ധി ഉണരുന്നത്.
ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മരപ്പട്ടി തട്ടിന്‍മുകളിലൂടെ ഓടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയ്ക്ക് അസ്വസ്ഥതയുണ്ടാക്കിയതോടെ ശല്യക്കാരനെ തുരത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ കാര്യമുണ്ടായില്ല. തട്ടിപുറത്തെ മരപ്പട്ടിയുടെ ഓടിക്കളി സഹിക്കാനാവാതെ പാതിരാത്രി ഹോട്ടല്‍ മാറുന്നതിനെക്കുറിച്ച് പോലും പ്രിയങ്ക ചിന്തിച്ചു.അതോടെ താമസം റാവിസ് കടവ് ഹോട്ടലിലേക്ക് മാറ്റാനുള്ള ആലോചനയായി.
അവിടേക്ക് പോകാന്‍ വാഹനവ്യൂഹം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശവും ലഭിച്ചു. അതിനിടെ മരപ്പട്ടി ഓട്ടം നിര്‍ത്തി തട്ടിന്മുകളില്‍ നിന്ന് മാറിപ്പോയി. പിന്നീട് പ്രിയങ്ക അവിടെ തന്നെ തങ്ങുകയായിരുന്നു.