ജയ്‌പൂർ :സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന് നിരന്തരമായ തിരിച്ചടികൾ ആണുണ്ടാകുന്നത് രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കോൺഗ്രസ് വിരിടാനായി വിമത സ്വരം ഉയർത്തിയത് വേണുവിന്റെ കഴിവില്ലായ്മയും തെറ്റായ തീരുമാനങ്ങളും കൊണ്ടാണെന്നു ആരോപണം .ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടതിനും കാരണം വേണുവാണെന്ന ആരോപണം ഉയർന്നിരുന്നു .രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് അനുനയ പാതയിലേക്ക് ഇപ്പോൾ എത്തുന്നത് പ്രിയങ്കയുടെ ഇടപെടൽ ആണെന്നാണ് വിവരം . അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ കോണ്‍ഗ്രസ് തീര്‍പ്പുണ്ടാക്കുകയാണ് പ്രിയങ്ക . വര്‍ഷങ്ങളായി പ്രിയങ്കയുമായി അടുപ്പമുള്ള നേതാവാണ് സച്ചിന്‍ പൈലറ്റ്. പ്രിയങ്ക ഉടന്‍ തന്നെ ജയ്പൂരിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം അശോക് ഗെലോട്ടിന്റെ നാടകമാണ് ഈ പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന് രാഹുല്‍ ഗാന്ധിക്കും അഭിപ്രായമുണ്ട്.
പ്രിയങ്ക വളരെ ഗൗരവത്തോടെയാണ് രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ കാണുന്നത്. നേരത്തെ യുപിയിലെ ബസ് വിഷയം അടക്കം കൈകാര്യം ചെയ്തിരുന്നത് സച്ചിന്‍ പൈലറ്റായിരുന്നു. വ്യക്തിപരമായി സച്ചിന് പ്രിയങ്കയുമായി അടുപ്പമുണ്ട്. അതുകൊണ്ടാണ് എല്ലാം പരിഹരിക്കാമെന്ന് പ്രിയങ്ക ഉറപ്പ് നല്‍കിയത്. ജയ്പൂരില്‍ പ്രിയങ്ക നാളെയെത്തും. ഇത് ആദ്യമായിട്ടാണ് മറ്റൊരു സംസ്ഥാനത്തെ പ്രശ്‌നം പരിഹരിക്കാനായി പ്രിയങ്ക എത്തുന്നത്. ഇത് പൈലറ്റ് വളരെ ഗൗരവത്തോടയാണ് കാണുന്നത്.
രാവിലെ പത്ത് മണിക്ക് നിയമസഭയിലെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം ഇന്ന് അശോക് ഗെലോട്ടിന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ 20 എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. 84 പേരുടെ പിന്തുണയാണ് ഗെലോട്ടിനുള്ളതെന്നാണ് വ്യക്തമാകുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് സച്ചിന്‍ പൈലറ്റ് ഗെലോട്ടിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷം മുഖ്യമന്ത്രിയുടെ വീട്ടില്‍ അല്ല തെളിയിക്കേണ്ടതെന്നും പൈലറ്റ് പക്ഷം പറഞ്ഞു.
രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസും പൈലറ്റിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. നിങ്ങള്‍ ജീവനോടെയുണ്ടെങ്കില്‍, ജീവിതത്തിലെ ആദര്‍ശങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടത് അത്യാവശ്യമാണ്. കോണ്‍ഗ്രസിലെ വിധേയത്വം എന്നത് അശോക് ഗെലോട്ടിന് അടിമയാവുക എന്നതല്ല. അതൊരിക്കലും ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുകേഷ് ബാക്കര്‍ പറഞ്ഞു. ഇതോടെ യുവാക്കളുടെ പോരാട്ടമാണ് പൈലറ്റ് നയിക്കുന്നതെന്ന് ഉറപ്പായിരിക്കുകയാണ്.
പാര്‍ട്ടിയിലെ സീനിയര്‍ ഗ്രൂപ്പിനെതിരെ യുവാക്കള്‍ പടപ്പുറപ്പാടിലാണെന്ന് തെളിഞ്ഞ് വരികയാണ്. മറ്റ് സംസ്ഥാനങ്ങളിലും ഇത് പ്രകടമായി കാണുന്നുണ്ട്. സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസില്‍ നിലനിര്‍ത്താന്‍ സാധ്യമായ എല്ലാ കാര്യവും ചെയ്യണമെന്ന് ഹരിയാനയിലെ ആദംപൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ് പറഞ്ഞു. അദ്ദേഹം പാര്‍ട്ടി വിട്ടാല്‍ അത് കോണ്‍ഗ്രസിനെ തകര്‍ക്കും. കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ വലിയ തോതില്‍ യുവാക്കളെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യവും ബിഷ്‌ണോയ് ഉന്നയിച്ചു.
കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്ന ട്രൈബല്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഇവരുടെ എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ മറികടന്ന് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷനായ മഹേഷ് ഭായ് വാസവ എംഎല്‍എമാരോട് വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ ആരെയും പിന്തുണയ്‌ക്കേണ്ടെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സഭയില്‍ ആ സമയം വരേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണാലും ബിജെപിക്കൊപ്പം പോകാനുള്ള തന്ത്രമാണിത്.
പ്രിയങ്ക മുന്നോട്ട് വെക്കുന്ന ഫോര്‍മുല സച്ചിന്‍ പൈലറ്റ് അംഗീകരിക്കും. സംസ്ഥാന അധ്യക്ഷ പദവി പൈലറ്റ് രാജിവെക്കില്ല. മറ്റൊന്ന്, ഉപമുഖ്യമന്ത്രി പദത്തില്‍ തുടരുമെന്നാണ്. ഗാന്ധി കുടുംബത്തിന്റെയും ഗെലോട്ടിന്റെ അവഗണന ഇനി തുടരില്ലെന്നും പൈലറ്റ് സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇളക്കി മറിച്ച് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഇനി ഗെലോട്ടിന് സാധിക്കില്ലെന്ന് സോണിയാ ഗാന്ധിക്കും അറിയാം. പക്ഷേ രാഹുലിനെ മറികടന്ന് പാര്‍ട്ടിയിലെ വലിയ അധികാരകേന്ദ്രമായി മാറുമോ സച്ചിന്‍ പൈലറ്റെന്നാണ് പ്രധാന ഭയം.
അശോക് ഗെലോട്ടിന് ഈ പ്രശ്‌നങ്ങള്‍ നേരത്തെയുണ്ടാവുമെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ് സോണിയാ പക്ഷത്ത് നിന്നിരുന്ന ഗെലോട്ട് കഴിഞ്ഞ ദിവസം നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടത്. ഒരേസമയം രാഹുലിന്റെയും സോണിയയുടെയും പക്ഷത്ത് നിന്ന് അധികാരം സുരക്ഷിതമാക്കുകയായിരുന്നു ഗെലോട്ട് ലക്ഷ്യമിട്ടത്. അതിലൂടെ മാത്രമേ സര്‍ക്കാര്‍ വീഴുകയാണെങ്കില്‍ ഗെലോട്ടിന് രക്ഷപ്പെടാനാവൂ. എന്നാല്‍ ഇത് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ ടീമിലുള്ള ഒരാളെ തന്നെ പുറത്താക്കുന്ന നാടകത്തിനാണ് ഗെലോട്ട് ലക്ഷ്യമിട്ടതെന്ന് വ്യക്തമായിരിക്കുകയാണ്. രാഹുല്‍ ഗെലോട്ടിന്റെ അധികാരം വെട്ടിച്ചുരുക്കാനാണ് സാധ്യത.