നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണുകളും പ്രിയങ്ക ഗാന്ധിയിലാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനായി മികച്ച രീതിയില്‍ പ്രചരണം നടത്തുന്ന പ്രിയങ്ക സംസ്ഥാനത്ത് മത്സരിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ നിന്നും പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

ഇതിനിടയില്‍ പ്രിയങ്ക ഗാന്ധിയെ മോദിയുടെ മണ്ഡലമായ വാരണാസിയില്‍ മത്സരിപ്പിച്ചേക്കും എന്ന് അഭ്യൂഹം പരക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രിയങ്കയ്ക്ക് വേണ്ടി പ്രതിപക്ഷം ഒന്നാകെ വാരാണസിയില്‍ കൈ കോര്‍ക്കും. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും രംഗത്തുണ്ട്. കോണ്‍ഗ്രസുമായി ചില സീറ്റുകളില്‍ ധാരണയും മഹാഗഡ്ബന്ധന്‍ സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനായി വയനാട്ടിലേക്ക് എത്തുന്നതിനെ ബിജെപി ഏറ്റെടുത്ത് കഴിഞ്ഞു. അമേത്തിയില്‍ തോല്‍വി ഭയന്ന് ഒളിച്ചോടുകയാണ് രാഹുല്‍ എന്നാണ് ബിജെപിയുടെ പ്രചാരണം. ബിജെപിയുടെ ഈ ആരോപണത്തെ ചെറുക്കാന്‍ പ്രിയങ്ക ഗാന്ധിയെ ബിജെപി കോട്ടയില്‍ ഇറക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

രാഹുലിന്റെ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും ഈ തിരഞ്ഞെടുപ്പ് ധാരണയുണ്ട്. ഇനി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ഇറങ്ങുകയാണ് എങ്കില്‍ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് എന്നാണ് സൂചന.

അണിയറയില്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രധാന ചര്‍ച്ചകള്‍ തന്നെ നടക്കുന്നുണ്ട്. മഹാസഖ്യത്തിലെ നേതാക്കളില്‍ നിന്നും അനുകൂല മറുപടിക്ക് വേണ്ടി കോണ്‍ഗ്രസ് കാത്ത് നില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക വാരാണാസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ തയ്യാറായാല്‍ അഖിലേഷ് യാദവും മായാവതിയും പിന്തുണ നല്‍കാന്‍ തന്നെയാണ് സാധ്യത.

ഉത്തര്‍ പ്രദേശില്‍ ഇതിനകം തന്നെ വലിയ സ്വാധീനമുണ്ടാക്കിയിട്ടുളള പ്രിയങ്ക ഗാന്ധി വാരാണസില്‍ മത്സരിക്കാന്‍ എത്തിയാല്‍ ബിജെപിയും മോദിയും ഒന്ന് വിറയ്ക്കും എന്നുറപ്പാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും മോദിക്ക് ലഭിച്ചത് 5,81,122 വോട്ടുകളാണ്.

രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ആയിരുന്നു നരേന്ദ്ര മോദിയുടെ വിജയം. പ്രതിപക്ഷത്ത് ഒരു എതിരാളി മാത്രമായാല്‍ വോട്ടുകള്‍ ചിതറിപ്പോകുന്നത് ഒഴിവാക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. ആ എതിരാളി പ്രിയങ്ക ആണെങ്കില്‍ 2014ലെ വിജയം ആവര്‍ത്തിക്കാന്‍ മോദിക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു.

പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏത് സീറ്റിലും മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് പ്രിയങ്ക ഗാന്ധി നേരത്തെ പ്രതികരിച്ചത്. റായ്ബറേലിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് വാരാണസിയില്‍ മത്സരിച്ചാലോ എന്നാണ് പ്രിയങ്ക മറുചോദ്യം ഉന്നയിച്ചത്. ഇതോടെയാണ് പ്രിയങ്ക മത്സരിക്കാനിറങ്ങും എന്ന സൂചന ശക്തമായത്.

എന്നാല്‍ പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കില്ലെന്നും ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുക മാത്രമാണ് ഇത്തരം പ്രതികരണങ്ങളുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2014ല്‍ മോദി ദത്തെടുത്ത മണ്ഡലമാണ് വാരണാസി. 1991നും 2014നും ഇടയില്‍ നടന്ന 7 തിരഞ്ഞെടുപ്പുകളില്‍ 6ലും ബിജെപി വിജയിച്ച മണ്ഡലം.

2004ല്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് ജയിച്ചിട്ടുളളത്. 2017ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാന്‍ അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് കൈ കോര്‍ത്തിരുന്നു. എന്നാല്‍ മോദി ഫാക്ടറും ഹിന്ദു വോട്ടുകളുടെ ധ്രുവീകരണവും ബിജെപിക്ക് ഗുണം ചെയ്തു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം മണ്ഡലത്തില്‍ ഇടിഞ്ഞ് താണു. 7 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം എങ്കില്‍ ബിഎസ്പിയുടേത് 6 ശതമാനവും എസ്പിയുടേത് 4 ശതമാനവും ആണ്. ഈ കണക്കുകളുടെ മുകളിലൂടെ വേണം പ്രിയങ്കയ്ക്ക് മോദിക്കെതിരെ പോരാട്ടത്തിനിറങ്ങാന്‍.

Top