ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തി;തവനൂരില്‍ സംഘര്‍ഷം: കറുത്തവേഷമിട്ട് കരിങ്കൊടിയുമായി പ്രതിഷേധം, ഉന്തും തള്ളും, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മലപ്പുറം:കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂരില്‍ ജയില്‍ ഉദ്ഘാടന വേദിയിലെത്തി. യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും വേദിയ്ക്ക് പുറത്ത് പ്രതിഷേധം ശക്തമാക്കി പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്ക് ഇന്നും അസാധാരണ സുരക്ഷയാണ് ഒരുക്കിയത്. മലപ്പുറത്തെ രണ്ട് പരിപാടികളിൽ 700 പൊലീസുകാരെ നിയോഗിച്ചു. തവനൂരിൽ പരിപാടിക്കെത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു. കുറ്റിപ്പുറത്ത് ഹോട്ടലുകൾ അടപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷയാണ്. ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ‍ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും.

പരിപാടികൾക്ക് 1 മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കു. മാധ്യമ പ്രവർത്തകർക്ക് ഉൾപ്പടെ ഈ നിയന്ത്രണം ബാധകമെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം, 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷം എന്നീ പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന പരിപാടിയില്‍ കറുപ്പ് മാസ്‌ക് വിലക്കി എന്ന ആരോപണവും ഉണ്ടായിരുന്നു.കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിയില്‍ ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നു.

വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടും യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. പരിപാടിക്ക് വരുന്ന വഴി നാട്ടകത്ത് വെച്ചാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്. പരിപാടി കഴിഞ്ഞ് മടങ്ങും വഴി നാഗമ്പടം പാലത്തിന് സമീപം വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയിരുന്നു.എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം വിശദീകണം നല്‍കിയിരുന്നത്.

Top