കോഴിക്കോട്: സി.പി.എം നേതാവ് കെ.അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടാണ് കെ.അനില്‍ കുമാര്‍ പറഞ്ഞതെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. അനില്‍ കുമാറിന്റെ പ്രസംഗം മുസ്‌ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രതികരിച്ചു. തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നതുകൊണ്ടാണെന്നായിരുന്നു കെ.അനില്‍ കുമാറിന്റെ വിവാദ പരാമര്‍ശം.
സമസ്ത ഇരുവിഭാഗങ്ങള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളാണ് കെ.അനില്‍ കുമാറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയത്. പ്രസംഗം പിന്‍വലിച്ച് അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. അനില്‍കുമാറിന്റേത് തികഞ്ഞ മുസ്‌ലിം വിരുദ്ധ പരാമര്‍ശമെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി.മുജീബ് റഹ്‌മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.