എന്‍എസ്എസുകാര്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കണ്ടുപഠിക്കണമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസുകാരന്‍ ചെയ്ത പണിയാണിതെന്ന് ബാലകൃഷ്ണപിള്ള

balakrishna pillai

തിരുവനന്തപുരം: മുസ്ലീങ്ങളെ അടച്ഛാക്ഷേപിച്ച് പ്രസ്താവന നടത്തി വിവാദങ്ങളില്‍പ്പെട്ട ആര്‍ ബാല കൃഷ്ണപിള്ള അടുത്ത പ്രശ്‌നത്തിന് തിരികൊളുത്തുകയാണ്. മറ്റ് മതങ്ങളെക്കുറിച്ചാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഇനി പറയാനുള്ളത്. മുസ്ലീങ്ങളെ താന്‍ അപമാനിച്ചിട്ടില്ല. എല്ലാ മതത്തിലും പല പ്രശ്‌നങ്ങളുണ്ടെന്നാണ് പറഞ്ഞതെന്ന് ബാലകൃഷ്ണപിള്ള ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയയുന്നു.

ഹിന്ദുക്കളായ പെണ്‍കുട്ടികളും നായന്മാരായ പെണ്‍കുട്ടികളും അന്യ സമുദായക്കാരെ വിവാഹം കഴിച്ചാല്‍ അച്ഛനില്ലാത്ത കുട്ടികള്‍ മുറ്റത്ത് ഓടിക്കളിക്കുന്നത് കാണേണ്ടിവരുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഹിന്ദുക്കളും നായന്മാരും അന്യമതസ്ഥരെ കല്യാണം കഴിക്കുന്ന സംഭവങ്ങള്‍ കൂടിവരികയാണ്. ഇത് ഗൗരവത്തോടെ കാണണം. ക്രിസ്ത്യാനികളെയും മുസ്ലികളെയും മോശക്കാരാക്കാന്‍ വേണ്ടി പറയുന്നതല്ലെന്നും നിലവിലെ സാഹചര്യങ്ങള്‍ അതാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ബാങ്ക് വിളിയെ താന്‍ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ഒരു മണിക്കൂര്‍ 25 മിനിട്ട് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ഒരു കോണ്‍ഗ്രസുകാരന്‍ എഡിറ്റ് ചെയ്ത് വളച്ചൊടിക്കുകയായിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. എന്‍.എസ്.എസ് കരയോഗങ്ങള്‍ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് എന്‍.എസ്.എസിന്റെ ഒരു യോഗം വിളിച്ചിരുന്നു. ആ യോഗത്തിലാണ് ഞാന്‍ പ്രസംഗിച്ചത്. ഇത് ഒരു പൊതുമീറ്റിംഗോ മറ്റ് പരിപാടികളോ ആയിരുന്നില്ല. എന്‍.എസ്.എസിന്റെ തികച്ചും സ്വകാര്യമായ ഒരു പരിപാടിയായിരുന്നു. എന്‍.എസ്.എസുകാരായ ആളുകള്‍ മാത്രമാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. അവിടെ പറയേണ്ട ചിലകാര്യങ്ങള്‍ എന്റെ ശൈലിയില്‍ പറഞ്ഞുവെന്നേയുള്ളൂ. എന്‍.എസ്.എസുകാര്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കണ്ടുപഠിക്കണമെന്ന് ഞാന്‍ പറഞ്ഞു. ഒരു എന്‍.എസ്.എസ് കരയോഗത്തില്‍ ഇപ്പോള്‍ തൊള്ളായിരവും ആയിരവും വീടുകളാണ് ഉള്ളത്. ഇത്തരം എന്‍.എസ്.എസ് കരയോഗങ്ങള്‍ വിഭജിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്.

ഇതിന് ക്രിസ്ത്യാനികളെ മാതൃകയാക്കണം. നൂറ് നൂറ്റമ്പത് വീടുകള്‍ ആകുമ്പോള്‍ തന്നെ അവര്‍ പ്രത്യേക പള്ളി വച്ച് ആരാധന തുടങ്ങും. ഇതാണ് ഞാന്‍ പറഞ്ഞത്. മുസ്ലിംകളും അതുപോലെ തന്നെ. അതുപോലെ ഞാന്‍ മറ്റൊരുകാര്യം കൂടി പറഞ്ഞു. ഹിന്ദുപെണ്‍കുട്ടികളെയും നായര്‍ പെണ്‍കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കണം. ഒരുപാട് കുട്ടികള്‍ ചാടിപ്പോകുന്ന അവസ്ഥയുണ്ട്. ഒരു കൊച്ചാകുമ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞ് തിരിച്ചുവീട്ടിലേക്ക്. ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് പോയി എന്നുപറഞ്ഞ്. ഇപ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍. അച്ഛനില്ലാത്ത കുട്ടികള്‍ ഹിന്ദുവീടുകളില്‍ ഓടിക്കളിക്കുന്ന കാഴ്ച്ച കാണേണ്ടിവരും.

അതുകൊണ്ട് ഇതര സമുദായങ്ങളുമായി കല്യാണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ തന്നെ നൂറിലധികം കേസുകളായിട്ടുണ്ട്. ഞാന്‍ യോഗം വിളിച്ച സ്ഥലത്തും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതുപോലെ നായന്മാര്‍ക്ക് അമ്പലത്തില്‍ പോകുന്ന പതിവില്ലാതായാതായും പറഞ്ഞു. നായന്മാരാണ് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളും ഉണ്ടാക്കിയതും നടത്തിക്കൊണ്ട് പോകുന്നതും ഇപ്പോള്‍ ക്ഷേത്രങ്ങളൊക്കെ ദേവസ്വം ബോര്‍ഡിന്റെ കൈയിലും മറ്റ് പലരുടെയും കൈകളിലുമാണ്. മതപഠനത്തിന് നായന്മാര്‍ക്ക് നേരമില്ല.

കരയോഗങ്ങളുടെ നേതൃത്വത്തില്‍ മതപഠനം നടത്തുന്നുണ്ട്. ആദ്ധ്യാത്മിക പഠനമെന്ന പേരില്‍. എന്നാല്‍ അതുപഠിക്കാന്‍ നായന്മാര്‍ കുട്ടികളെ അയക്കുന്നില്ല. മറ്റ് സമുദായങ്ങളിലൊക്കെ കൃത്യമായി മതപഠനം നടക്കുന്നുണ്ട്. ഇതിനൊക്കെ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും കണ്ട് പഠിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. അഞ്ച് പ്രാവശ്യം ബാങ്ക് വിളിക്കുമ്പോള്‍ മുസ്ലിംകള്‍ നിസ്‌കരിക്കും. നമുക്ക് സഹിഷ്ണുതയുണ്ട്. അതുകൊണ്ടാണ് ബാങ്ക് വിളിക്കുമ്പോള്‍ അമ്പലങ്ങളിലെ മൈക്ക് ഓഫ് ചെയ്യുന്നത്. പക്ഷേ, പെണ്‍പിള്ളരുടെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെന്ന് ഞാന്‍ വീണ്ടും ആവശ്യപ്പെട്ടു.

അവരുടെ ഭാവി അപകടത്തിലാകാതെ നോക്കണം. ആറ്റുകാലിലെ ഒരു പെണ്‍കുട്ടി മതംമാറി ഐ.എസില്‍ ചേര്‍ന്നതായ വാര്‍ത്ത ഇപ്പോള്‍ വന്നിട്ടുണ്ട്. ആറ്റുകാല്‍ അമ്പലവുമായി ബന്ധപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയാണ് അത്. വളരെ ഗുരുതരമാണ് ഈ അവസ്ഥ. ബാങ്ക് വിളിക്കുമ്പോള്‍ നിസ്‌കരിക്കുകയും ഞായറാഴ്ച കുര്‍ബാന കൈക്കൊള്ളുകയും ചെയ്യുന്ന ഇതര മതസ്ഥരുടെ സ്വഭാവം നായന്മാര്‍ക്കില്ല. നായന്‍രമാരോ ഹിന്ദുക്കളോ ഇപ്പോള്‍ അമ്പലത്തില്‍ പോലും പോകാറില്ല. ഇതേക്കുറിച്ചൊക്കെയാണ് ഞാന്‍ പ്രസംഗിച്ചത്. ഒരുമണിക്കൂര്‍ 25 മിനിട്ട് പ്രസംഗിച്ചു. അവിടെയൊരു കോണ്‍ഗ്രസുകാരനുണ്ടായിരുന്നു.

അവനാണ് ഇത് റെക്കോര്‍ഡ് ചെയ്തത്. റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്ത് 17 മിനിട്ടാക്കി ചുരുക്കി. അവന് വേണ്ട ഭാഗങ്ങള്‍ മാത്രം യോജിപ്പിച്ചു. എന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ എന്നെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല.

ബാങ്ക് വിളിയെ മോശമാക്കി ഞാന്‍ ഒരിക്കലും സംസാരിക്കില്ല. എവിടെ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ബാങ്ക് വിളിക്കുമ്പോള്‍ പ്രസംഗം നിര്‍ത്തുന്ന ഒരാളാണ് ഞാന്‍. എനിക്ക് ബാങ്ക് വിളിയോടും പള്ളികളോടും ബഹുമാനം മാത്രമേയുള്ളൂ. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും കണ്ട് പടിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ തിരുവനന്തപുരത്തുപോകുമ്പോള്‍ പാര്‍ട്ടി ഓഫീസിലാണ് ഉറങ്ങാറ്. പട്ടീടെ കുരയും ശല്യവും കാരണം അവിടെ പറ്റില്ല. ഈ ഭാഗമാണ് ബാങ്ക് വിളിയോട് എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

പിന്നെ ഒരുകാര്യംകൂടി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയല്ല എന്ന് ഞാന്‍ പറഞ്ഞു. അത് തീരുമാനിക്കേണ്ടത് തന്ത്രിമാരും ആചാര്യമന്മാരുമാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ നാളെ മുസ്ലിംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് പറയും. ഇതൊക്കെ അപകടകരമായ കാര്യങ്ങളാണ്. വീണ്ടും ഞാന്‍ ഉറക്കെപ്പറഞ്ഞ ഒരുകാര്യം ഇതാണ് നമ്മുടെ ഒരുപാട് പെണ്‍കുട്ടികള്‍ അപകടത്തിലാണ്. ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും കൂടെ ഇറങ്ങിപ്പോയി ഒരുവര്‍ഷം കഴിഞ്ഞ് ഭര്‍ത്താവ് ഉപേക്ഷിച്ച നിലയില്‍ ഒരുകൊച്ചുമായി തിരികെവരും.

നായര്‍ സമുദായത്തില്‍ ഒരുപാടുപേര്‍ അന്യസമുദായക്കാരോടൊപ്പം ഇറങ്ങിപ്പോകുന്നു. വളരെ ഗൗരവമേറിയ ഒരവസ്ഥയാണിത്. ഈ പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവച്ചാണ് എഡിറ്റ് ചെയ്ത് ഒരു ശബ്ദരേഖ തയ്യാറാക്കിയിരിക്കുന്നത്. എന്റെ പ്രസംഗം മുഴുവന്‍ കേള്‍ക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകും. കോണ്‍ഗ്രസുകാരന്‍ ചെയ്ത പണിയാണിത്. കുറേ കോണ്‍ഗ്രസുകാര്‍ അത് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുകയും ചെയ്യുന്നു. നടക്കട്ടേ. എവിടംവരെ പോകും എന്ന് നോക്കാം.

Top