ഐഎസില്‍ ചേരാന്‍ ക്ലാസുകള്‍ പ്രേരണയായി; കണ്ണൂരിലെ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു

51672_1471137067

കണ്ണൂര്‍: ഐഎസില്‍ ചേരാന്‍ ക്ലാസുകള്‍ പ്രേരണയായി എന്ന പരാതിയില്‍ കണ്ണൂരിലെ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു. പടന്നയില്‍നിന്ന് ഐഎസ് മേഖലയിലേക്കുകടന്ന സംഘത്തിന്റെ നേതാക്കളിലൊരാളായ അഫ്ഷാഖ് മജീദിന്റെ പിതാവ് കെ.അബ്ദുള്‍മജീദ് നല്‍കിയ പരാതിയിലാണ് മുഹമ്മദ് ഹനീഫിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്. തന്റെ മകനുള്‍പ്പെടെയുള്ളവര്‍ തീവ്ര ആശയങ്ങള്‍ക്കടിപ്പെട്ട് നാടുവിട്ടതിന് പ്രേരകമായത് മുഹമ്മദ് ഹനീഫുള്‍പ്പെടെയുള്ളവരുടെ ക്ലാസാണെന്ന് മുംബൈയില്‍ വ്യാപാരിയായ മജീദ് പരാതി നല്‍കിയിരുന്നു.

മതപ്രഭാഷകന്‍ വയനാട് കമ്പളക്കാട് ഒന്നാംമൈലിലെ ടി.ഹനീഫയെ(26)യാണു മുംബൈ പൊലീസിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. എന്നാല്‍ പള്ളി ഇമാമിനെതിരായ തെളിവുകള്‍ എന്താണെന്നതിനെക്കുറിച്ചു സൂചനയൊന്നുമില്ലെന്നാണു കേരള പൊലീസ് പറയുന്നത്. ഐഎസില്‍ ചേരാന്‍ ക്ലാസുകള്‍ പ്രേരണയായെന്ന കുറ്റം ആരോപിച്ചാണ് ഹനീഫയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ പൊലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചു കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനും സംഘവുമാണു പെരിങ്ങത്തൂരില്‍ നിന്നു വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ഹനീഫയെ കസ്റ്റഡിയിലെടുത്തത്. കൊച്ചി സ്വദേശിയായ മെറിനെ മതം മാറ്റി ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച കേസിലെ പ്രതികളും മുംബൈ സ്വദേശികളുമായ ഖുറേഷിയും റിസ്വാനും ഈ കേസിലും പ്രതികളാണ്.

കേരള പൊലീസ് സംഘവും സിഐ വിനയ് ഖോര്‍പഡെയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ മുംബൈ പൊലീസ് സംഘവും ഇയാളെ ചോദ്യം ചെയ്തു. മുംബൈ പൊലീസ് ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട്ടും പടന്നയിലും ഹനീഫയെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തി. വൈദ്യപരിശോധനയ്ക്കു ശേഷം ഹനീഫയെ ഇന്നലെ രാത്രി വൈകി മുംബൈയിലേക്കു കൊണ്ടുപോയി. പടന്നയിലെ സലഫി മസ്ജിദില്‍ അഫ്ഷാഖ്, അബ്ദുള്‍ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ്, മര്‍വാന്‍ എന്നിവരടങ്ങിയ സംഘത്തിന് തീവ്ര സലഫിസം സംബന്ധിച്ച് മുഹമ്മദ് ഹനീഫ് ക്ലാസെടുത്തിരുന്നു. രണ്ടുവര്‍ഷം മുമ്പായിരുന്നു അത്. പടന്നയിലെ മസ്ജിദില്‍നിന്നു പോയ ശേഷവും സംശയനിവാരണത്തിന് ഹനീഫിനെ അഫ്ഷാഖ് ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടിരുന്നതായും പറയുന്നു.

ഹനീഫ് പുല്ലൂക്കര സലഫി മസ്ജിദില്‍ ഇമാമായി ചേര്‍ന്നത് ജനവരിയിലാണ്. അതേസമയം, ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഐസിസിനെതിരെയാണു സംസാരിച്ചതെന്നു കേരള പൊലീസ് അറിയിച്ചു. ഇയാളുടെ പ്രസംഗങ്ങളില്‍ ഐസിസിനെ പിന്തുണയ്ക്കുന്ന തരത്തില്‍ എന്തെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കേരള പൊലീസ് അറിയിച്ചു. ഇയാളുടെ പ്രസംഗങ്ങളെപ്പറ്റി ലഭിച്ച സൂചനകള്‍ വച്ചു കേരള പൊലീസ് നേരത്തേ അന്വേഷണം നടത്തിയിരുന്നു.

17 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘവും ഹനീഫിനെ ചോദ്യംചെയ്യുന്നുണ്ട്. ഹനീഫിനെ കോടതിയില്‍ ഹാജരാക്കുന്നതിനായി ഞായറാഴ്ച രാവിലെ വിമാനത്തില്‍ മുംബൈയിലേക്ക് കൊണ്ടുപോകാനാണ് ആലോചന. ഇത് നടന്നില്ലെങ്കില്‍ കണ്ണൂരിലെ കോടതിയില്‍ ഹാജരാക്കും.

Top