വോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രതിഷേധ പ്രകടനം; ഒരു സംഘം ആള്‍ക്കാരെ പോലീസ് പിടികൂടി

1463392156_police

കരുനാഗപ്പള്ളി: വോട്ടെടുപ്പ് നടക്കുന്നതിനിടെ പലയിടത്തും പ്രതിഷേധ പ്രകടനം നടന്നിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയുമാണ് പ്രകടനം നടത്തിയത്. പ്രതിഷേധ പ്രകടനം നടത്തിയ ഒരു സംഘം ആള്‍ക്കാരെ കരുനാഗപ്പള്ളിയില്‍ പോലീസ് പിടികൂടി.

വടക്കും തല പെരുമന വീട്ടില്‍ വസന്തകുമാറി (57) ന്റെ നേതൃത്വത്തിലെത്തിയ സംഘത്തിലെ വടക്കുംതല അന്‍വര്‍ ഷാ മന്‍സില്‍ അക്ബര്‍ ഷാ(25), കിരണ്‍ ബാബു (19), മുഹമ്മദ് ഷാ(19) , നന്ദന്‍.ആര്‍.കുമാര്‍ (19), പ്രശാന്ത് (19) ചവറ മുകുന്ദപുരം മീത്തില്‍ തെക്കതില്‍ സജീവ് (24) എന്നിവരെയാണ് കരുനാഗപ്പള്ളി സി.ഐ. റ്റി.രാജപ്പന്റെയും, എസ്.ഐ.ജി.ഗോപകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

രാവിലെ പതിനൊന്ന് മണിയോടെ വാട്ട്സാപ്പ് കൂട്ടായ്മയിലെ ഇരുപത്തഞ്ചോബ് അംഗങ്ങള്‍ ലാലാജി ജംഗ്ഷനില്‍ ഒത്തു കൂടുകയും അവിടെ നിന്നും കറുത്ത തുണികൊണ് വായ് മൂടി കെട്ടി പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തി ദേശീയ പാതയിലൂടെ പ്രകടനവുമായി കടന്നു പോകുകയായിരുന്നു. എ.എം.ഹോപ്പിറ്റല്‍ ജംങ്ഷനിലെത്തിയപ്പോള്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് സംഘത്തിലുള്ള ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്നും പ്ലക്കാര്‍ഡുകളും പിടിച്ചെടുത്തു.

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടി ജിഷയ്ക്ക് നീതി ലഭിക്കുവാനായിട്ടാണ് പ്രകടനം നടത്തിയതെന്ന് സംഘാംഗങ്ങള്‍ പോലീസിനോട് പറഞ്ഞു. ജസ്റ്റിസ് ഫോര്‍ ജിഷ എന്ന പേരിലുള്ള വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജന ശ്രദ്ധ ആകര്‍ഷിക്കുവാനാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ പ്രതിഷേധ പ്രകടനം നടത്തിയതെന്ന് വാട്ട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിനത്തില്‍ അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിന് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Top