കോട്ടയം : ശബരിമലയിൽ പോലീസ് നിർദേശങ്ങൾ ലംഘിച്ച് വലിയനടപ്പന്തലില്‍ പ്രതിഷേധം നടത്തിയ 80 ൽ അധികം പേരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ കുത്തിയിരുന്ന് നാമജപം നടത്തിയായിരുന്നു പ്രതിഷേധം. പൊലിസ് ആവശ്യപ്പെട്ടിട്ടും പിരിഞ്ഞുപോകാത്തവരെ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ അറസ്റ്റ് ചെയ്തുവെന്നാണ് പൊലിസ് വിശദീകരണം. ഹരിവരാസനം പാടി നടയടച്ചതിനു ശേഷവും പ്രതിഷേധം തുടർന്നതോടെയാണ് ഇവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയത്. നെയ്യഭിഷേകം നടത്തിയ ശേഷം അറസ്റ്റിന് വഴങ്ങാമെന്നു പ്രതിഷേധക്കാർ നിലപാടെടുത്തെങ്കിലും ഇത് അംഗീകരിക്കാൻ പൊലീസ് തയാറായില്ല. ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ച് പൊലീസ് വാഹനത്തിൽ കയറ്റികൊണ്ടുപോയി. ഇതിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും.
എല്ലാവര്‍ക്കും വിരിവയ്ക്കാന്‍ അനുവാദം നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മാളികപ്പുറത്തിന് സമീപത്ത് നിന്നാണ് പ്രതിഷേധം തുടങ്ങിയത്. നെയ്യഭിഷേകത്തിന് നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് വിരിവെക്കാനും മറ്റും പൊലീസ് സൗകര്യമൊരുക്കിയിരുന്നു. ബുക്ക് ചെയ്യാത്തവരില്‍ സംശയം തോന്നുന്നവരെ പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. പൊലീസ് നീക്കം ചെയ്തവര്‍ അപ്രതീക്ഷിതമായി സംഘടിച്ച് വലിയ നടപ്പന്തലിലെത്തി നാമജപ പ്രതിഷേധം നടത്തുകയായിരുന്നു. സംഘപരിവാര്‍ അയ്യപ്പ കര്‍മ സമിതി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണെന്നും നടപന്തലിലെ പ്രതിഷേധം നിയമവിരുദ്ധമാണെന്നും പൊലീസ് പ്രതിഷേധക്കാരെ അറിയിച്ചു. അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും പൊലീസ് പ്രതിഷേധക്കാരോട് വ്യക്തമാക്കി. എന്നാല്‍ വീണ്ടും ഇവര്‍ പ്രതിഷേധിച്ച സാഹചര്യത്തില്‍ പൊലിസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല എന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്. ഹരിവരാസനത്തിന് ശേഷം പിരിയാമെന്ന വാക്ക് പാലിച്ചില്ല. പൊലിസ് തീര്‍ത്ഥാടകര്‍ക്ക് എതിരല്ലെന്നും എസ്‌പി പ്രതീഷ് കുമാര്‍ പ്രതികരിച്ചു.
ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ഉടൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷൻ ആവശ്യപ്പെട്ടു. ദേവസ്വം കമ്മിഷണർ, ഡിജിപി, എൽഎസ്ജിഡി സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെടണം. പൊലീസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിനുള്ള എല്ലാ സൗകര്യവും ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു.