ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഇനി പകരക്കാരെ (പ്രോക്സി) ഉപയോഗിച്ചു വോട്ട് ചെയ്യാം. പ്രോക്‌സി വോട്ട് അനുവദിക്കാനുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പ്രവാസികള്‍ക്കു വിദേശത്തു വോട്ട് ചെയ്യാന്‍ സൗകര്യമാവശ്യപ്പെട്ട് ദുബായിലെ സംരംഭകന്‍ ഡോ. വി.പി. ഷംഷീര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
22 ലക്ഷത്തോളം പ്രവാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ അടിമുടി മാറ്റുന്നതാണ് പ്രവാസി വോട്ടവകാശം. പ്രവാസികളെയും കൂടി കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനങ്ങളും പ്രചരണ പ്രവര്‍ത്തനങ്ങളും പാര്‍ട്ടികള്‍ കാഴ്ച്ചവയ്‌ക്കേണ്ടിയും വരും.