അങ്കമാലി: കാശുള്ളവർ കേസിൽ നിന്ന് രക്ഷപെടുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽകുമാർ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ നീതിപൂർവമായ വിചാരണ നടക്കുമോ എന്നാണ് സുനിലിനോട് മാധ്യമപ്രവർത്തകർ ചോദിച്ചത്. കാശുള്ളവൻ കേസിൽ നിന്നും രക്ഷപെടുമെന്നും കേസിൽ താൻ മാത്രമായത് കണ്ടില്ലേ എന്നും സുനി ചോദിച്ചു. കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് മുൻപായി എല്ലാ പ്രതികളും ഹാജരാകണമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ദിലീപ് ഇതുവരെ കോടതിയില്‍ ഹാജരായിരുന്നില്ല. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. അങ്കമാലി കോടതി ഇന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു മുൻപായി പലതവണ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി കേസെടുക്കുന്ന അടുത്ത തീയതിയിലേക്ക് നീട്ടുകയും ചെയ്തിരുന്നു. ഇനി ഇവര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കേണ്ടത് സെഷന്‍സ് കോടതിയിലാണ്. കേസ് എത്രയും പെട്ടെന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റണമെന്ന് സുനിയുടെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ദിലീപിന് ലഭിച്ച പല തെളിവുകളും മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ തെളിവുകള്‍ സുനിയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ ലഭിക്കാന്‍ തനിയ്ക്ക് അവകാശമുണ്ടെന്ന് കാണിച്ചായിരുന്നു ഹര്‍ജി. എന്നാല്‍, ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. നടിയുമായി വാഹനം സഞ്ചരിച്ചയിടങ്ങളിലെ ആറു സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കഴിഞ്ഞ ദിവസം ദിലീപിന് നല്‍കിയിരുന്നു.
ഞാനിവിടെ കിടക്കും, കാശുള്ളവന്‍ രക്ഷപ്പെടുമെന്ന് സുനി….
Tags: pulsar suni