കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് പുതിയ വഴിത്തിരിവിലേക്കെന്ന് പുതിയ സൂചനകള്‍ പുറത്തുവരുന്നു. ആക്രമിക്കപ്പെട്ടതിനു മുമ്പുള്ള ദിവസം ഒന്നാം പ്രതി സുനില്‍ കുമാറിന്, നടന്‍ ദിലീപിന്റെ രണ്ടാമത്തെ ഭാര്യ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യ എന്ന വസ്ത്ര വ്യാപാര ശാലയില്‍നിന്നും രണ്ടു ലക്ഷം രൂപ നല്‍കിയെന്നതിനു പൊലീസിന് തെളിവ് ലഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്നലെ ലക്ഷ്യയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൂടുതല്‍ തെളിവുകള്‍ പിടിച്ചെടുത്തായും സൂചനയുണ്ട്. പണം വാങ്ങാനായി വന്ന ദിവസം ഒരു തവണ വന്നു മടങ്ങിയ സുനില്‍ കുമാര്‍ വീണ്ടും എത്തിയാണ് ലക്ഷ്യയില്‍ നിന്നും പണം കൈപ്പറ്റിയത്.
അക്കൗണ്ട്സ് രേഖകള്‍ പരിശോധിച്ചതുപ്രകാരം ഇതേ ദിവസം സ്ഥാപനത്തില്‍നിന്നും രണ്ടു ലക്ഷം രൂപയുടെ കൈമാറ്റം നടന്നതായും പൊലീസിന് തെളിവ് ലഭിച്ചു. ഈ സംഭവങ്ങള്‍ പതിഞ്ഞ സിസി ടിവി കാമറയിലെ ദൃശ്യങ്ങള്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം നീക്കം ചെയ്യപ്പെട്ടതായും സെര്‍വര്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് ബോധ്യപ്പെട്ടു. ഇത് നീക്കംചെയ്തയാളെ കണ്ടെത്തി പൊലീസ് മൊഴിയെടുത്തു. സംഭവം നടന്ന മൂന്നു ദിവസത്തെ ദൃശ്യങ്ങളാണ് ഡിലീറ്റ് ചെയ്യപ്പെട്ടത് എന്നും പത്രം എന്ന ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
കാറിലെ പീഡനവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന അന്വേഷിക്കുന്ന പൊലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന രണ്ടുമണിക്കാണ് അവസാനിച്ചത്.പ്രതി സുനില്‍ കുമാര്‍ നടന്‍ ദിലീപിനെഴുതിയ കത്തില്‍ രണ്ടിടത്ത് കാക്കനാട്ടെ സ്ഥാപനത്തിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്.നടിയുടെ കേസില്‍ ഞാന്‍ കോടതിയില്‍ സറണ്ടര്‍ ആകുന്നതിന് മുമ്ബ് കാക്കനാട് ഷോപ്പില്‍ വന്നിരുന്നു. അവിടെ അന്വേഷിച്ചപ്പോള്‍ എല്ലാവരും ആലുവയില്‍ ആണെന്ന് പറഞ്ഞു. എനിയ്ക്ക് ഇപ്പോള്‍ പൈസ ആവശ്യമായതുകൊണ്ട് മാത്രമാണ് ഞാന്‍ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്. കാണാന്‍ ഒരുപാട് ശ്രമിച്ചതാണ്. നടക്കാത്തതുകൊണ്ടാണ് കാക്കനാട് ഒരിക്കല്‍ പോയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവത്തിനു ശേഷം താന്‍ കാക്കനാട്ടെ സ്ഥാപനത്തിലെത്തിയിരുന്നതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ സമയം ദിലീപ് ആലുവയിലാണെന്നാണ് സ്ഥാപനത്തിലുണ്ടായിരുന്നവര്‍ തന്നെ അറിയിച്ചതെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്ത പൊലീസ് ഇക്കാര്യം പ്രത്യേകം എടുത്തുചോദിച്ചിരുന്നു.കുറ്റകൃത്യത്തിന് ശേഷം കാക്കനാട്ടെ സ്ഥാപനത്തിലെത്തിയതായി കത്തില്‍ രണ്ടിടത്ത് സുനില്‍ കുമാര്‍ വ്യക്തമാക്കുന്നുണ്ട്. നടിയെ അക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവില്‍ പോകും മുമ്പ് ലക്ഷ്യയിലെത്തിയതായും മൊഴിയുണ്ട്. ദിലീപ് കാവ്യ വിവാഹത്തിന് മുമ്പ് ആരംഭിച്ചതാണ് സ്ഥാപനം.അതീവ രഹസ്യമായായിരുന്നു പൊലീസ് പരിശോധനയ്ക്കെത്തിയത്. കടയില്‍ കണക്കെടുപ്പാണെന്ന കാരണം പറഞ്ഞാണ് ഇന്നലെ സ്ഥാപനത്തിലെത്തിയവരെ പൊലീസ് മടക്കി അയച്ചത് .
അറസ്റ്റിലായി ജയിലിൽ കഴിയുന്ന പൾസർ സുനിയുടെ സുഹൃത്തുക്കൾ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനോട് പറഞ്ഞ ‘മാഡ’ത്തെക്കുറിച്ചാണ് പോലീസ് അന്വേഷിക്കുക. സോളാർ കേസിലെ പ്രതി സരിതാ എസ്. നായർക്ക് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഫെനി. കേസിൽ ഫെനിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നും സൂചന.പൾസർ സുനിക്ക് കീഴടങ്ങാൻ സഹായം ആവശ്യപ്പെട്ട് രണ്ടു പേർ ഫെനിയെ സമീപിച്ചിരുന്നെന്ന ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സുനിക്ക് സഹായം ചോദിച്ചെത്തിയവർ ഫീസടക്കമുള്ള കാര്യങ്ങൾ ‘മാഡ’ത്തോട് ചോദിച്ചിട്ട് പറയാമെന്നും ഫെനിയോട് പറഞ്ഞിരുന്നു. ഇക്കാര്യം ഫെനി ദീലീപിനോട് വ്യക്തമാക്കിയിരുന്നു. ദിലീപ് കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്, ഇതുവരെ അന്വേഷണ പരിധിയിൽ വരാതിരുന്ന സ്ത്രീയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നത്.നടൻ ദിലീപിനെ കേസുമായി ബന്ധപ്പട്ട് പോലീസ് കഴിഞ്ഞദിവസം 13 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇനിയും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. താരസംഘടനയായ അമ്മയുടെ വാർഷിക യോഗത്തിൽ ദിലീപിനെ ഭൂരിഭാഗം താരങ്ങളും പിന്തുണച്ചിരുന്നു. ഇതിൽ വനിതാ താരങ്ങളുടെ സംഘടന അതൃപ്തിയും അറിയിച്ചു. ദിലീപിനെ പിന്തുണച്ച് സംസാരിച്ച ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിനെതിരെയും മുകേഷിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇടത് പാർട്ടികൾ പോലും ഇവരുടെ നിലപാടിനെതിരെ രംഗത്തെത്തി.