
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടപടി. സാമൂഹ്യപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടത്തുന്ന പോലീസ് നടപടികള്‍ക്കെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുകയാണ്. മഹാരാഷ്ട്രയിലെ ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് എട്ട് സാമൂഹിക പ്രവര്‍ത്തകരെ ലക്ഷ്യമാക്കി പുണെ പൊലീസ് റെയ്ഡ് നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ലക്ഷ്യമാക്കി നടക്കുന്ന പൊലീസ് റെയ്ഡിനെതിരെ എഴുത്തുകാരി അരുന്ധതി റോയ് രംഗത്തെത്തി. ഇത്തരം നീക്കങ്ങള്‍ അത്യന്തം ആപത്കരമാണെന്നും അടിയന്തരാവസ്ഥയ്ക്കു വളരെ അടുത്താണെന്നും അരുന്ധതി റോയ് ആരോപിച്ചു.
ദലിത് അവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, കവികള്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ വീടുകളിലാണു പരിശോധന നടക്കുന്നത്. കൊലപാതകികളെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്. നീതിക്കു വേണ്ടിയോ ഹിന്ദു ഭൂരിപക്ഷവാദത്തിനെതിരെയോ ആരെങ്കിലും സംസാരിച്ചാല്‍ അവരെ കുറ്റവാളികളാക്കുന്നു. വരുന്ന തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പാണ് ഇതിനു പിന്നില്‍. ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുത്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണം. അല്ലെങ്കില്‍ നമ്മള്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം എല്ലാം നഷ്ടമാകും-അവര്‍ പറഞ്ഞു.
ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെടുത്തിയാണ് പോലീസ് നടപടി ഉണ്ടായത്. ഇതില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, താനെ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഇവരുടെ വീടുകളിലാണു പരിശോധന നടന്നത്. വിപ്ലവ സാഹിത്യകാരനായ പി. വരവര റാവുവും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.