ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്‍ അന്തരിച്ചു

ഒഞ്ചിയം വെടിവയ്പിൽ നെഞ്ചിൽ വെടിയുണ്ട തറയ്ക്കുകയും സ്വന്തം പിതാവിനെ നഷ്ടമാകുകയും ചെയ്ത കണ്ണേട്ടൻ ഒഞ്ചിയത്തുകാർക്ക് ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു

വടകര:കമ്മ്യൂണിസ്റ്റ് പോരാട്ട ചരിത്രത്തിലെ മറക്കാനാവാത്ത അധ്യായമായ ഒഞ്ചിയം സമര നേതാവ് പുറവില്‍ കണ്ണന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ഇതോടെ ഒഞ്ചിയം സമരസേനാനികളില്‍ അവസാനകണ്ണിയും യാത്രയായി. കല്‍ക്കത്തയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ബ്രിട്ടന്‍െറ അര്‍ധകോളനി ഭരണമായി വിലയിരുത്തുകയും അതിനെതിരെ പോരാടണമെന്ന് ആഹ്വാനംചെയ്യുകയുംചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ 1948 ഏപ്രില്‍ 30ന് ഒഞ്ചിയത്ത് രഹസ്യയോഗം നടക്കുന്നതറിഞ്ഞത്തെിയ പൊലീസ് നടത്തിയ വെടിവെപ്പില്‍ പിതാവ് പുറവില്‍ കണാരന്‍ രക്തസാക്ഷിയായിരുന്നു. അന്ന്, തന്‍െറ നെഞ്ചിലേറ്റ വെടിയുണ്ടയുമായി ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു ഇദ്ദേഹം.

64ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പില്‍ സി.പി.എമ്മിനൊപ്പം നിന്ന ഇദ്ദേഹം സഹസമരസേനാനികളായ പടിഞ്ഞോറ്റോടി കണ്ണന്‍, മനക്കല്‍ ഗോവിന്ദന്‍ എന്നിവര്‍ക്കൊപ്പം 2008ല്‍ ടി.പി. ചന്ദ്രശേഖരന്‍ ഒഞ്ചിയം ഏരിയയില്‍ രൂപവത്കരിച്ച ആര്‍.എം.പിയുടെ ഭാഗമായി. ഒഞ്ചിയം ഏരിയയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച ഇദ്ദേഹം ഒഞ്ചിയത്തെ പുതുതലമുറക്കും ആവേശമായിരുന്നു. ഭാര്യ: മാധവി. മക്കള്‍: ലീല, വിജയന്‍, ഭാനുമതി, മനോജന്‍, പ്രകാശന്‍. മരുമക്കള്‍: വാസു, ഭാസ്കരന്‍, അജിത (അധ്യാപിക ഓര്‍ക്കാട്ടേരി നോര്‍ത് യു.പി സ്കൂള്‍), കല, രമ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top