കൊച്ചി: മറുനാടൻ ഷാജൻ സ്കറിയയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പോലീസ് ഷാജനെതിരെ കേസെടുത്തിരുന്നു.ഇതിന് പിന്നാലെ ഒളിവില്‍പ്പോയ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.ഈ ഹര്‍ജിയാണിപ്പോള്‍ കോടതി തള്ളിയിരിക്കുന്നത്.
ജാമ്യ ഹർജി തള്ളിയ ഹെെക്കോടതി വിധി ഷാജനുമാത്രമല്ല അയാളുടെ മഞ്ഞപത്രത്തിൽ തല കാണിച്ച മുൻ ജഡ്ജി കമാൽ പാഷയടക്കം നിരവധി പേർക്കുള്ള തിരിച്ചടിയാണെന്ന് പി വി അൻവർ എംഎൽഎ.കമാൽപാഷ കാണാത്തത് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും മറുനാടൻ സമൂഹത്തിൽ എന്താണ് ചെയ്യുന്നതെന്നും അത് എങ്ങനെയൊക്കെ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും ബഹു:ഹൈക്കോടതിക്ക് വ്യക്തമായ ധാരണയുണ്ടെന്നും പി വി അൻവർ പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റ് പൂർണ്ണമായി
ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിയിട്ടുണ്ട്. ഷാജനെ പിന്തുണച്ച് അയാളുടെ മഞ്ഞപത്രത്തിൽ തല കാണിച്ച നിരവധി ആളുകളുണ്ട്.അവർക്കെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇന്നത്തെ ഈ കോടതി വിധി.
മുൻ ജഡ്ജി കമാലിനോടൊക്കെ ചിലത് പറയാനുണ്ട്.
എന്ത് കൊണ്ട് ഷാജൻ സ്കറിയയ്ക്ക് മാത്രം ഇന്ന് ഈ അവസ്ഥയുണ്ടായി?
യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും,വർഗ്ഗീയ വിദ്വേഷങ്ങളും,വ്യാജവാർത്തയും സമൂഹത്തിൽ പ്രചരിപ്പിക്കുക!
ഈ പ്രവർത്തനത്തെയാണോ നിങ്ങൾ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത്?ഇതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?
ബഹു:ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന ഒരു വിഷയത്തെ സംബന്ധിച്ചാണ് താങ്കളൊക്കെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത്.മറുനാടൻ സമൂഹത്തിൽ എന്താണ് ചെയ്യുന്നതെന്നും അത് എങ്ങനെയൊക്കെ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും ബഹു:ഹൈക്കോടതിക്ക് വ്യക്തമായ ധാരണയുണ്ട്.നിങ്ങൾ കാണാത്തത് കോടതി കണ്ടെട്ടിയിട്ടുണ്ട്.”മറുനാടൻ ഷാജൻ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന്” പോലും ഒരുവേള കോടതി നിരീക്ഷിച്ചിട്ടുണ്ട്.
റിട്ടയർ ചെയ്ത നിരവധി ജുഡീഷ്യൽ ഓഫീസർമാർ ഈ നാട്ടിലുണ്ട്.അവരെയെല്ലാം ഈ നാട് അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.എന്നാൽ താങ്കൾക്ക് സമൂഹം ആ വില തരുന്നില്ല.അതിന്റെ ഉത്തരവാദി താങ്കൾ തന്നെയാണ്.ആവശ്യമില്ലാത്ത ഇടങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് താങ്കളുടെ നിലവാരം ഇങ്ങനെയാക്കിയത് താങ്കൾ തന്നെയാണ്.
“കളമശേരി കിട്ടിയാൽ മത്സരിക്കാമായിരുന്നു” എന്ന പ്രസ്താവന തന്നെ ഒന്ന് പരിശോധിക്കുക.എന്നിട്ട് കിട്ടിയോ?
ഷാജൻ സ്കറിയയ്ക്കൊപ്പം,വ്യക്തിപരമായി മിസ്റ്റർ കമാൽ പാഷയ്ക്കും,മറ്റ് മറുനാടൻ താങ്ങികൾക്കും കൂടിയുള്ള അടി തന്നെയാണ് ഇന്നത്തെ കോടതി വിധി.