സന്ദര്‍ശക വിസ(ഫാമിലി വിസിറ്റ് വിസ)യ്ക്കുള്ള അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി ഖത്തര്‍. നേരത്തെ മുതല്‍ മെട്രാഷ്2 മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ, ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ട് എങ്കിലും ഫാമിലി വിസിറ്റ് വിസ അപേക്ഷ പൂര്‍ണമായും ഇലക്ട്രോണിക് സംവിധാനത്തിലേക്കു മാറ്റുന്നതാണ് പുതിയ നടപടി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സിലെ പ്രവാസികാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ മുഹന്നദി ആണ് ഇതു സംബന്ധിച്ച തീരുമാനം പുറത്തു വിട്ടത്. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ അടിസ്ഥാനത്തില്‍ സേവനങ്ങള്‍ എപ്പോഴും, എവിടെയും ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണു ഫാമിലി വിസിറ്റ് വിസ അപേക്ഷകള്‍ ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നത്. ഇ-ആപ്ലിക്കേഷന്‍ പ്രകാരം ബന്ധപ്പെട്ട രേഖകള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകളെല്ലാം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.
അപേക്ഷ നല്‍കുന്നതു മുതല്‍ സ്റ്റാറ്റസ് പരിശോധിക്കാനും, വീസ അനുമതി ലഭിച്ചാല്‍ ഓണ്‍ലൈനായി തന്നെ ഫീസ് അടയ്ക്കാനും ഇതിലൂടെ കഴിയും. ഒപ്പം സമര്‍പ്പിച്ച രേഖകളില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ അപേക്ഷകനെ അറിയിക്കാനുളള സൗകര്യങ്ങളും ഉണ്ടാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടാണ് ഈ സംവിധാനം വികസിപ്പിച്ചതെന്ന് പ്രവാസികാര്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല സലിം അല്‍ അന്‍സാരി പറഞ്ഞു. ഈ ഓണ്‍ലൈന്‍ സേവനം നിരന്തരം പരിശോധനയ്ക്കു വിധേയമാക്കുകയും നിലവാരമുയര്‍ത്താനായി ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്യും. അപേക്ഷ ഓണ്‍ലൈനാവുന്നതോടെ റസിഡന്‍സിനു സമയം ലാഭിക്കാനും, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
പേപ്പര്‍ രഹിത മന്ത്രാലയമെന്ന രീതിയിലേക്കു മാറാനുള്ള മന്ത്രാലയങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായാണു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അല്‍ അന്‍സാരി പറഞ്ഞു. അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ വീസയ്ക്ക് അപേക്ഷിക്കാനാവുക. കഴിഞ്ഞ രണ്ടുമാസം മന്ത്രാലയം ഇ-സേവനം വിലയിരുത്തുകയും 100% വിജയമാണെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. ഫാമിലി വിസിറ്റ് വീസ അപേക്ഷയ്ക്കായി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനത്തും, സര്‍വീസ് സെന്ററുകളിലും എത്തുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.