ഖത്തറിലെ മലയാളികളേ സന്തോഷിച്ചോളൂ..ഇനിമുതല്‍ ഖത്തറില്‍ അന്യരാജ്യക്കാര്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ്

ഖത്തര്‍: ആയിരത്തോളം മലയാളികള്‍ക്കിത് ആശ്വാസ വാര്‍ത്ത. ഖത്തറില്‍ അന്യരാജ്യക്കാര്‍ക്ക് സ്ഥിരം റസിഡന്‍സി കാര്‍ഡ് അനുവദിക്കുന്ന വ്യവസ്ഥകള്‍ അടങ്ങിയ നിയമത്തിന് അംഗീകാരം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. നിശ്ചിത യോഗ്യതകളുള്ളവര്‍ക്കാണ് റസിഡന്‍സി കാര്‍ഡ് ലഭിക്കുക. വിദേശികള്‍ സാധാരണ റസിഡന്‍സി പെര്‍മിറ്റില്‍ ഖത്തറില്‍ 20വര്‍ഷം പൂര്‍ത്തിയായിരിക്കണം. ഖത്തറില്‍ ജനിച്ചവരാണെങ്കില്‍ പത്തുവര്‍ഷം താമസം പൂര്‍ത്തിയാക്കണം. താമസകാലയളവ് തുടര്‍ച്ചയായിട്ടായിരിക്കണം. എന്നിങ്ങനെയാണ് നിബന്ധനകള്‍. സ്ഥിരം താമസത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് മുന്‍പ് യോഗ്യതയുള്ളവര്‍ക്ക് കാര്‍ഡ് ലഭിക്കും. വര്‍ഷം രണ്ട് മാസത്തില്‍ കൂടുതല്‍ വിദേശത്താണെങ്കില്‍ താമസ തുടര്‍ച്ചയ്ക്ക് തടസമുണ്ടാകില്ല. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. സ്ഥിരം റസിഡന്‍സി നിയമത്തിന് നേരത്തെ ശൂറാ കൗണ്‍സിലും മന്ത്രിസഭയും അനുമതി നല്‍കിയിരുന്നു. സ്ഥിര താമസാനുമതി രേഖ അനുവദിക്കുന്നതിനായി പെര്‍മനന്റ് റെസിഡന്‍സി ഐ.ഡി.ഗ്രാന്‍ഡിങ് കമ്മിറ്റി എന്ന പേരില്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.
ഖത്തറിന് പുറത്ത് നിന്ന് വിവാഹം കഴിച്ച് ഖത്തറി സ്ത്രീയില്‍ ജനിക്കുന്ന കുട്ടികള്‍, ഖത്തറി വനിതയെ വിവാഹം കഴിക്കുന്ന നോണ്‍ ഖത്തരി ഭര്‍ത്താവ്, ഖത്തരി പൗരന്റെ വിദേശഭാര്യ, രാജ്യത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രത്യേക ശേഷിയുള്ളവര്‍, വിദേശപൗരത്വം വഴി പൗരത്വം ലഭിച്ച ഖത്തരിയുടെ മക്കള്‍ എന്നിവര്‍ക്ക് കാര്‍ഡ് ലഭിക്കാന്‍ ഈ യോഗ്യതകള്‍ ആവശ്യമില്ല. എന്നാല്‍ ഖത്തര്‍ സ്വദേശിയായ വനിതയെ വിവാഹം കഴിച്ച വിദേശിക്ക് ഈ യോഗ്യതകള്‍ വേണം. സ്ഥിരം ഐഡി കാര്‍ഡ് ലഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം, ആരോഗ്യ പരിചരണം എന്നീ മേഖലകളില്‍ ഖത്തരികള്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ, മെഡിക്കല്‍ സേവനങ്ങള്‍ നിലവില്‍ സൗജന്യമാണ്. പൊതു സൈനിക, സിവില്‍ ജോലികളില്‍ ഖത്തരികള്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന സ്ഥിര താമസാനുമതി രേഖയുള്ളവര്‍ക്കായിരിക്കും. മാത്രമല്ല സ്വത്തുക്കളില്‍ ഉടമസ്ഥാവകാശത്തിനും അനുമതിയുണ്ടാകും.

പെര്‍മിറ്റിനായി അപേക്ഷിച്ചയാള്‍ തുടര്‍ച്ചയായി ആറുമാസത്തിലധികം രാജ്യത്തിനു പുറത്താണെങ്കില്‍ അയാളുടെ മുന്‍കാല താമസ കാലാവധിയില്‍ അയോഗ്യത കല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് അവകാശമുണ്ടായിരിക്കും. അപേക്ഷകന് തന്റെയും തന്റെ കുടുംബത്തിന്റെയും ചെലവുകള്‍ പൂര്‍ണമായും നിറവേറ്റാനുള്ള വരുമാനമുണ്ടായിരിക്കണം. അസാധാരണ കേസുകളിലുള്‍പ്പടെ അപേക്ഷകന്റെ ശരാശരി വരുമാനം മന്ത്രിസഭാ തീരുമാനപ്രകാരം നിശ്ചയിക്കപ്പെടും. മുന്‍കാലയളവില്‍ മോശം കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടയാളായിരിക്കരുത്. അറബിക് ഭാഷയില്‍ മതിയായ അറിവുണ്ടായിരിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top