നടിയെ ആക്രമിച്ച കേസിലെ ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് പരിശോധനാഫലങ്ങൾ ലഭിച്ചു. അടുത്തിടെ ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളാണ് പരിശോധനയ്‌ക്ക് അയച്ചു കൊടുത്തത്.
കൂടുതൽ റിപ്പോർട്ടുകൾ ഇനിയും വരാനുണ്ടെന്നാണ് എഡിജിപി ശ്രീജിത്ത് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസവും തുടരുകയാണ്.
പരിശോധനാഫലങ്ങൾ ലഭിച്ച സാഹചര്യത്തിൽ ചോദ്യം ചെയ്യൽ കടുപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന്റെ ഭാഗമായി കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് അന്വേഷണസംഘം വിളിച്ചു വരുത്തുന്നുണ്ട്.
സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ വ്യാസൻ എടവനക്കാടിനെയും ഇപ്പോൾ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാത്രി എട്ട് മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നൽകിയിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ ചോദ്യം ചെയ്യലിൽ പ്രതികളിലൊരാൾ ക്രൈം ബ്രാഞ്ചിനോട് വിവരങ്ങൾ തുറന്നു പറഞ്ഞയായി വിവരങ്ങളുണ്ട്.
ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നാണ്പ്രതി വെളിപ്പെടുത്തിയത്.എന്നാൽ പ്രതിയുടെ പേര് പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ആദ്യത്തെ ദിവസത്തെ ചോദ്യംചെയ്യലിൽ തന്നെ ഗൂഢാലോചന നടന്ന കാര്യം പ്രതി പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളെ മാപ്പ് സാക്ഷിയാക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവത്തെ ചോദ്യം ചെയ്യലിനിടയിൽ രണ്ട് തവണ പ്രതി പൊട്ടിക്കരഞ്ഞെന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം.