പ്രധാനമന്ത്രി കൊല്ലത്ത് നടത്തുന്ന ആര്‍. ശങ്കര്‍ പ്രതിമ അനാച്‌ഛാദന ചടങ്ങ് സി.പി.എം. ബഹിഷ്‌കരിക്കും .മുഖ്യമന്ത്രിയെ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിനാല്‍ പ്രതിഷേധിച്ചാണിത്. ചടങ്ങില്‍ പാര്‍ട്ടി ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്നു സി.പി.എം. നിര്‍ദേശം നല്‍കി. എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സി.പി.എം. നേതാവും കൊല്ലം എം.എല്‍.എയുമായ പി.കെ. ഗുരുദാസനും കൊല്ലം മേയര്‍ അഡ്വ. രാജേന്ദ്ര ബാബുവും അറിയിച്ചു.പ്രതിമാ അനാച്‌ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രിക്കു വിലക്കേര്‍പ്പെടുത്തിയത് ആര്‍.എസ്.എസ്. അജന്‍ഡയുടെ ഭാഗമാണെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. പ്രതിമാ അനാച്‌ഛാദനച്ചടങ്ങ് ആര്‍.എസ്.എസ്. ചടങ്ങാക്കി മാറ്റാന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനം ശ്രീനാരായണ ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെ തിരസ്‌കരിക്കുന്ന സമീപനമാണ്.
കേന്ദ്രഭരണം ഉപയോഗിച്ച് ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന ബി.ജെ.പി. ചരിത്രപുരുഷന്മാരെ തങ്ങളുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍.എസ്.എസ്. ഏറ്റെടുത്തതുപോലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ആര്‍. ശങ്കറെ ആര്‍.എസ്.എസ്. ഏറ്റെടുത്തിരിക്കുന്ന നടപടി. ആര്‍. ശങ്കര്‍ ആര്‍.എസ്.എസ്. പ്രതിനിധാനം ചെയ്‌ത മതമൗലികതയ്‌ക്കെതിരേ ശ്രീനാരായണീയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. അത്തരമൊരു നേതാവിന്റെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കുമ്പോള്‍ പ്രോട്ടോകോള്‍ പ്രകാരവും പൊതു മര്യാദയനുസരിച്ചും പരിപാടിയില്‍ പങ്കെടുക്കാന്‍ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ വെള്ളാപ്പള്ളി സ്വീകരിച്ച നടപടി വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ്.
മഹാത്മാഗാന്ധിയുടെയും ശ്രീനാരാണഗുരുവിന്റെയും സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ വ്യക്തിയാണ് ആര്‍.ശങ്കര്‍. ജീവിതത്തിലുടനീളം കോണ്‍ഗ്രസ്സുകാരനും ശ്രീനാരായണീയനുമായിരുന്ന അദ്ദേഹം വര്‍ഗീയ ശക്തികളെ താലോലിക്കുന്ന സമീപനമല്ല സ്വീകരിച്ചത്. എന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ആര്‍.ശങ്കറിനെ വര്‍ഗീയവത്കരിക്കുന്നത് അവഹേളനമാണ്. അതിനാല്‍ വെള്ളാപ്പള്ളി നടേശനും കൂട്ടരും കേരളസമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളി നടേശന്‍ ആര്‍.എസ്.എസിന്റെ അടിമയായിക്കഴിഞ്ഞു. അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന പാവയാണിപ്പോള്‍. എസ്.എന്‍.ഡി.പി. എന്ത് ആശയം മുന്‍ നിര്‍ത്തിയാണോ രൂപവത്കരിച്ചത് അതിന് കടകവിരുദ്ധമായാണ് വെള്ളാപ്പള്ളി സംഘടനയെ കൊണ്ടുപോകുന്നത്.