റേഡിയോ ജോക്കി കൊലചെയ്യപ്പെട്ട കേസില്‍ നര്‍ത്തകിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിര്‍ണ്ണായകമാകുന്നു; ഖത്തറില്‍ നി്‌നും യുവതിയെ നാട്ടിലെത്തിക്കും

തിരുവനന്തപുരം: മടവൂരില്‍ കൊല ചെയ്യപ്പെട്ട റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിലാണ് ആക്രമണം നടന്ന ഘട്ടത്തില്‍ രാജേഷ് ഒരു സ്ത്രീയുമായി മെബൈലില്‍ സംസാരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. രാജേഷിന്റെ മെബൈലും, വാട്ട്‌സ് അപ്പ് സന്ദേശങ്ങളും സൈബര്‍ സെല്‍ വിശദമായി പരിശോധിച്ചു. ഇതില്‍ നിന്ന് കൊലപാതകത്തിന്റെ വിശദമായ സൂചന പൊലീസിന് കിട്ടിക്കഴിഞ്ഞു.

കൂടാതെ, രാജേഷ് കുമാര്‍ ആക്രമിക്കപ്പെട്ട ശേഷം ഖത്തറിലെ നര്‍ത്തകിയുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് കേസന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. ‘കണ്ണാ.. എന്റെ പ്രാര്‍ത്ഥനയുണ്ട്… ഒന്നും വരില്ല…’ എന്നാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റേഡിയോ ജോക്കിയും യുവഗായകനുമായ മടവൂര്‍ നൊസ്റ്റാള്‍ജിയ നാടന്‍പാട്ട് സംഘാംഗം മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രസികന്‍ രാജേഷ് ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പോസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രസികന്‍ രാജേഷിന്റെ കൊലക്കേസ് അന്വേഷണത്തിലും ഏറെ നിര്‍ണ്ണായകമായി ഈ പോസ്റ്റ്. ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷനെടുത്ത ഗുണ്ടാസംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉറപ്പിക്കുകയാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലുള്ളവരാണ് ക്വട്ടേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. രാജേഷ് ഖത്തറിലായിരുന്ന സമയത്ത് അടുപ്പമുണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ വിവാഹമോചിതയായ ആലപ്പുഴക്കാരിയായ യുവതിയെ നാട്ടിലെത്തിക്കും. യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെ സന്ദേശം ചില വ്യക്തമായ സൂചനകള്‍ പൊലീസിന് നല്‍കി. ആക്രമണസമയത്ത് ഖത്തറിലുള്ള ഈ പെണ്‍സുഹൃത്തുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണിലൂടെ രാജേഷിന്റെ നിലവിളി ഈ സ്ത്രീ കേട്ടിരുന്നുവെന്നാണു സൈബര്‍ സെല്ലിന്റെ പരിശോധനയിലൂടെ അന്വേഷണസംഘത്തിന് മനസിലായത്. ഈ നിലവിളിയില്‍ നിന്നും അക്രമത്തെ കുറിച്ച് യുവതി മനസ്സിലാക്കി. ഇതിന് ശേഷമാണ് കണ്ണാ.. എന്റെ പ്രാര്‍ത്ഥനയുണ്ട്… ഒന്നും വരില്ല… എന്ന പോസ്റ്റ് രാത്രിയില്‍ ഫെയ്സ് ബുക്കിലെത്തിയത്.

ഈ യുവതി, രാജേഷിന്റെ മറ്റൊരു സുഹൃത്തിനെ ഫോണില്‍വിളിച്ച് ആക്രമണവിവരം അറിയിച്ചതായും പൊലീസിന് വിവരം കിട്ടി. മൂന്നുവര്‍ഷം മുന്‍പ് പത്തുമാസത്തോളം ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. ഇവരുടെ ധനസഹായത്തോടെയാണ് നാട്ടില്‍ റെക്കാര്‍ഡിങ് സ്റ്റുഡിയോ തുറന്നതെന്നാണ് വിവരം. യുവതിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സംശയിക്കുന്നതായി പൊലീസും പറഞ്ഞു. ഒരാഴ്ച മുന്‍പ് മുതല്‍ അക്രമിസംഘം മടവൂരില്‍ ചുറ്റിക്കറങ്ങിയിരുന്നതായും പൊലീസിന് വിവരംകിട്ടിയിട്ടുണ്ട്. നേരത്തേ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന രാജേഷ് ചെന്നൈയിലെ സ്വകാര്യ സ്‌കൂളില്‍ ജോലി കിട്ടി അങ്ങോട്ട് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് അക്രമണം ഉണ്ടായത്.

ഖത്തറിലെ സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൊലപാതകം എന്ന തരത്തിലാണു രാജേഷിന്റെ സുഹൃത്തുക്കളുടേയും മൊഴി. ഖത്തറില്‍ ജോലി ചെയ്യുന്ന ഘട്ടത്തിലാണ് രാജേഷ് ഈ സ്ത്രീയുമായി പരിചയത്തിലാവുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് മടവൂര്‍ ജംഗ്ഷനില്‍ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാര്‍ഡിങ് സ്റ്റുഡിയേയില്‍ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. ചുവന്ന സ്വിഫ്റ്റ് കാറില്‍ നാലംഗ സംഘമാണ് ക്വട്ടേഷനെത്തിയത്. ഇതില്‍ മുഖംമറച്ച ഒരാള്‍ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു. ഈ സമയം കാറില്‍ ഒരാളുണ്ടായിരുന്നു. ഇത് ഖത്തറിലെ വ്യവസായി ആണോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ക്വട്ടേഷന്‍ സംഘമെത്തിയ ചുവന്നകാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. മടവൂരിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി കാമറാദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. കാറിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രാജേഷ് കലാപരിപാടി അവതരിപ്പിച്ച നാവായിക്കുളം ക്ഷേത്രത്തില്‍ അക്രമിസംഘം എത്താനുള്ള സാദ്ധ്യതയും പൊലീസ് തള്ളുന്നില്ല. നാവായിക്കുളം മുതല്‍ മടവൂര്‍ വരെയുള്ള എല്ലാ മൊബൈല്‍ ടവറുകളിലെയും വിവരങ്ങള്‍ സേവനദാതാക്കളോട് പൊലീസ് ആവശ്യപ്പെട്ടു. ഇവയെല്ലാം പൊലീസ് പരിശോധിക്കും,

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന നിലപാടിലാണു പൊലീസ്. രാജേഷിനെ വിളിച്ച അജ്ഞാത ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്. വിവാഹിതനായ രാജേഷിന്റെ ഭാര്യ രോഹിണി ഏഴുമാസം ഗര്‍ഭിണിയാണ്.

Top