കോഴിക്കോട്: കര്‍ണാടക നഴ്‌സിംഗ് കോളേജില്‍ നിന്ന് റാഗിംഗിനിരയായ മലയാളി വിദ്യാര്‍ത്ഥിയുടെ സംഭവം പുറംലോകം അറിഞ്ഞതോടെ റാഗംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരവധി റാഗിംഗ് കഥകള്‍ പുറംലോകം അറിയാതെ ഒതുക്കി തീര്‍ത്തിട്ടുണ്ട്. നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ് റംഗിംഗിനിരയായിട്ടുള്ളത്.
നാലു മാസം മുമ്പ് നടന്ന റാഗിംഗില്‍ പരുക്കേറ്റ് കിടപ്പിലായ കോഴിക്കോട് പെരുവയല്‍ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ വാര്‍ത്ത ആരും അറിഞ്ഞില്ല. ബെംഗളൂരുവിനടുത്തുള്ള സ്വകാര്യ കോളേജില്‍ ബിഡിഎസ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത സംഭവം നടന്നത്. അര്‍ദ്ധരാത്രിയോടടുത്ത് കോളേജില്‍ നിന്നുമെത്തിയ ഫോണ്‍കോളില്‍ നിന്നാണ് പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന വിവരം മാതാപിതാക്കളറിഞ്ഞത്.
അപകടത്തില്‍ സുഷുമ്നാ നാഡിക്ക് പരുക്കേറ്റ പെണ്‍കുട്ടി ദിവസങ്ങളോളം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തെ തുടര്‍ന്ന് ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ വിഡ്ദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും അപകടക്കേസായി മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 20 ദിവസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് പെണ്‍കുട്ടി.
അരയ്ക്ക്ു താഴെ തളര്‍ന്ന പെണ്‍കുട്ടിയെ ഫിസിയോതെറാപ്പി ചെയ്ത് വീല്‍ചെയറിലേക്ക് മാറ്റുന്നതിനുള്ള ചികിത്സയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡോക്ടറാകണമെന്ന് ഏറെ ആഗ്രഹിച്ചതിനാല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠനത്തിനായി നാല് വര്‍ഷം മുമ്പ് ബാംഗ്ലൂരിലെത്തിയത്. അവസാന വര്‍ഷ പരീക്ഷക്ക് തൊട്ടുമുമ്പ് നടന്ന അപകടം പ്രതീക്ഷകള്‍ക്ക് മേലെ കരിനിഴലായി.
ഇതുവരെ ചികിത്സക്കായി 25ലക്ഷത്തോളം രൂപ ചിലവായി. രണ്ട് വര്‍ഷത്തിലേറെ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കിടപ്പാടം പണയപ്പെടുത്തിയതിനാല്‍ ഇനിമുന്നോട്ടുള്ള ചികിത്സ എങ്ങനെ നടത്തുമെന്നറിയില്ല. ചികിത്സയും മകളുടെ പഠനവുമെല്ലാം തുടരാനാവുമോ എന്നുള്‍പ്പെടെ നിരവധി ആശങ്കകള്‍ക്കിടയിലും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് മാതാപിതാക്കള്‍ കണ്ണീരോടെ ആവശ്യപ്പെടുന്നത്.