എംബിബിഎസ് പ്രവേശന പ്രശ്‌നം; നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ ധര്‍ണ്ണ

niyamasabha

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് ഈ പ്രതിസന്ധിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കാണിച്ച് പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയാണുണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയിരുന്നു. ഇന്നും ഇതേ അവസ്ഥയാണ് ഉണ്ടായത്. പ്രതിപക്ഷത്ത് നിന്നും വിഎസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഏഴ് മെഡിക്കല്‍ കോളെജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ യാതൊരു ധാരണയുമില്ലാതെ മുന്‍ സര്‍ക്കാര്‍ സീറ്റുകള്‍ അനുവദിച്ചുവെന്നും ഇത്തരത്തിലുള്ള നിലപാടുകള്‍ മൂലം എംബിബിഎസിന് കുറച്ചുസീറ്റുകള്‍ നഷ്ടപ്പെട്ടതായും ആരോഗ്യമന്ത്രി കെകെ ശൈലജ മറുപടി നല്‍കി. കഴിഞ്ഞ വര്‍ഷം ഏഴു മെഡിക്കല്‍ കോളേജുകള്‍ക്ക് പൂര്‍ണമായും, രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് ഭാഗികമായും അംഗീകാരം നഷ്ടപ്പെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ ഉപേക്ഷിക്കില്ലെന്നും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി നല്‍കിയ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

പ്രമേയം അവതരിപ്പിക്കാന്‍ അനമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. തുടര്‍ന്ന് മെഡിക്കല്‍ കോളെജുകള്‍ക്ക് അംഗീകാരം നേടിയെടുക്കണം എന്നാവശ്യപ്പെട്ട് സഭാകവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ധര്‍ണ്ണ ആരംഭിച്ചു.

Top