
റാന്നി: രാഹുല്‍ ഈശ്വറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ജാമ്യവ്യവസ്ഥ ലംഘിച്ചെന്നതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
പമ്പ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അന്ന് ജാമ്യത്തില്‍ വിട്ടത്.
എല്ലാ ശനിയാഴ്ച്ചകളിലും കോടതിയില്‍ ഹാജരായി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാഹുല്‍ ഈശ്വര്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള റാന്നി കോടതിയുടെ ഉത്തരവ്.
പോലീസ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണന്ന് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. റാന്നി കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.