കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് ആഹ്ലാദിക്കുകയാണ്. എന്നാല്‍ ആവേശം സന്തോഷത്തില്‍ മാത്രം നിര്‍ത്താതെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും അവിടെയും വിജയം നേടാനുമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്. കേരളം പിടിച്ചെടുക്കാന്‍ പുതിയ തന്ത്രങ്ങളുമായാണ് രാഹുല്‍ എത്തുന്നത്.
ബൂത്ത് തലത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശങ്ങള്‍ കൈമാറിത്തുടങ്ങി. 25 വീടുകള്‍ക്ക് ഒരു കോ ഓര്‍ഡിനേറ്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം. പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്നും സൂചനകളുണ്ട്. സംസ്ഥാനത്തെ മൊത്തം ബൂത്ത് പ്രസിഡന്റുമാരെ കൊച്ചിയില്‍ വിളിച്ചുചേര്‍ക്കും. വിപുലമായ ഈ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് നേതാക്കള്‍ നല്‍കുന്ന വിവരം.
പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മണ്ഡലം കമ്മിറ്റിക്ക് കെപിസിസി നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ബിജെപിയിലേക്ക് കൊഴിഞ്ഞുപോക്ക് സംഭവിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകരെ ഐക്യത്തോടെ കൊണ്ടുപോകാനാണ് നിര്‍ദേശം. കൊഴിഞ്ഞുപോക്ക് തടയാന്‍ എകെ ആന്റണി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളും രംഗത്തുണ്ട്.