ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാര്‍ പഖ്യാപിച്ച സാമ്പത്തിക ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. പണം നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയില്ലെങ്കില്‍ ലോക്ഡൗണ്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പദ്ധതികള്‍ ‘പാക്കേജ് ഓഫ് ലോണ്‍സ്’ ആണെന്നും കര്‍ഷകരുടെയും കുടിയേറ്റ തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് പര്യാപ്തമല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. പാക്കേജ് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ
ലോക്ഡൗണിനെത്തുടർന്ന് രാജ്യത്തെ കർഷകരും തൊഴിലാളികളും പ്രതിസന്ധിയിലാണ്. കൈയിൽ പണമില്ലാത്തതാണ് ജനങ്ങളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം.കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം എത്തിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കർഷകരും തൊഴിലാളികളുമാണ്. വിദേശ ഏജൻസികളുടെ റേറ്റിംഗിനെ കുറിച്ച് ഇപ്പോൾ ആകുലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണം നീക്കുന്നത് ആലോചിച്ചുവേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണം ഇളവുകൾ നൽകാനെന്നും രാഹുൽ കൂട്ടിച്ചേർത്തു. തന്റെ പ്രതികരണം രാഷ്ട്രീയത്തിന് അതീതമാണെന്ന് കൂട്ടിച്ചേർത്ത രാഹുൽ ഗാന്ധി കേരളത്തിന്റെ കോവിഡിനെതിരായ പോരാട്ടം ഓരോ ജനങ്ങൾക്കും അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേർത്തു.
അതേ സമയം സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗം ഇന്ന് പ്രഖ്യാപിക്കും. ഇന്നും നാളെയും പ്രഖ്യാപനം തുടരും എന്ന സൂചനയാണ് ഇന്നലെ നിർമ്മല സീതാരാമൻ നല്‍കിയത്. കാർഷിക മേഖലയ്ക്കുള്ള പദ്ധതികളും പരിഷ്ക്കണ നടപടിയുമാണ് ഇന്നലെ പ്രഖ്യാപിച്ചത്. കോർപ്പറേറ്റ് രംഗത്തിനും തൊഴിലാളികൾക്കുമുള്ള കൂടുതൽ പദ്ധതികൾ ഇനി ഉണ്ടായേക്കും.