ന്യൂഡൽഹി: രാജ്യത്തെ കോൺഗ്രസ് പാർട്ടിക്ക് പുതിയ അമരക്കാരൻ. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുൽ പാർട്ടിയുടെ അമരക്കാരനായി തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച മൂന്നുമണിക്ക് അവസാനിച്ചതോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. രാഹുല്‍ ഗാന്ധിയുടെ പേര് നിര്‍ദേശിച്ച 89 പത്രികകളാണ് മുല്ലപ്പള്ളി രാമചന്ദ്രനു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.
19 വർഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണു കോൺഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17ാമത്തെ നേതാവാണു രാഹുല്‍ ഗാന്ധി. ഇതോടെ, കോണ്‍ഗ്രസിൽ പ്രധാനപ്പെട്ട തലമുറമാറ്റത്തിനാണ് വഴിതെളിയുന്നത്.തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.