ന്യുഡല്‍ഹി: ലോക്‌സഭാ ഇലക്ഷനില്‍ ഇന്ദിര് ഗാന്ധിയുടെ പാത പിന്തുടരുന്ന് രാഹുല്‍ ഗാന്ധി. ഇതിനായി കര്‍ണാടകയിലെ ബിദറില്‍ നിന്നും മത്സരിക്കാന്‍ നീക്കം തുടങ്ങി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്ന രാഹുല്‍ ഗാന്ധി ബിദര്‍ ഉള്‍പ്പെടെ രണ്ടിടത്ത് മത്സരിക്കും. രണ്ടാമത്തെ മണ്ഡലം ദക്ഷിണേന്ത്യയാണ് ലക്ഷ്യം വെക്കുന്നത് .. മോദി ദേശീയ നേതാവായി വളര്‍ന്നത് രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടാണ്. വാരണാസിയില്‍ മോദിയുടെ ജയം ഇത് ഉറപ്പിക്കുന്നതായിരുന്നു. അതുപോലെ പ്രധാനമന്ത്രി പദത്തിലേക്ക് എത്താനാണ് രാഹുലിന്റെ ശ്രമം. അമേത്തിക്ക് പുറമേ രണ്ടാം മണ്ഡലമായി കര്‍ണാടകയെയാണ് അദ്ദേഹം കാണുന്നത്. ഇന്ദിരാഗാന്ധി പണ്ട് കര്‍ണാടകത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. കര്‍ണാടകയിലെ ബിദറില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. കര്‍ണാടക നേതാക്കള്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. കേരളത്തില്‍ വയനാടും സാധ്യത പട്ടികയില്‍ ഉണ്ട്.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ദക്ഷിണേന്ത്യയില്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് സജീവമാണെന്ന സൂചനയെ തുടര്‍ന്നാണ് ഇത്. ദക്ഷിണേന്ത്യയിലെ മൂന്ന് സുപ്രധാന പാര്‍ട്ടികള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ചെറുകക്ഷികളെ ഒപ്പം കൂട്ടി യുപിഎയെ ശക്തിപ്പെടുത്താനാണ് ദക്ഷിണേന്ത്യന്‍ സഖ്യത്തിന്റെ തീരുമാനം. നിലവില്‍ യുപിഎയെ പിന്തുണയ്ക്കുന്ന ദക്ഷിണേന്ത്യക്ക് പുറത്തുള്ള പാര്‍ട്ടികളെയും ഒപ്പം കൂട്ടും.
അതേസമയം ഇവരുടെ നീക്കത്തിന് രാഹുല്‍ തന്നെ പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷേ പ്രതിപക്ഷ ഐക്യത്തിന് കോട്ടം തട്ടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇടഞ്ഞ് നില്‍ക്കുന്നവരെ ഒപ്പം നിര്‍ത്താനാണ് പരമാവധി ശ്രമിക്കണമെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തോടെ എത്രയും പെട്ടെന്ന് പഴയ യുപിഎ ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്. പ്രതിപക്ഷ ഐക്യം പൊളിഞ്ഞാലും മറ്റ് മാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനാണ് ഈ നീക്കം.
രാഹുലിനെ പ്രധാനമന്ത്രിയായി ദക്ഷിണേന്ത്യ അംഗീകരിച്ചെന്നാണ് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും രാഹുല്‍ ഗാന്ധിക്കാണ് ദക്ഷിണേന്ത്യയില്‍ ജനപ്രീതി എന്ന് സര്‍വേകള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതാണ് രാഹുലിനെ ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന് പിന്നില്‍. 100 സീറ്റില്‍ അധികം യുപിഎ മുന്നണിക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിച്ചാല്‍ അത് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്ന് ഉറപ്പാണ്.
കര്‍ണാടകത്തില്‍ നിന്ന് ജെഡിഎസ്, തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ, ആന്ധ്രപ്രദേശില്‍ നിന്ന് ടിഡിപി എന്നിവരാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രബാബു നായിഡു കെ ചന്ദ്രശേഖര റാവുവിനെയും സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം മൂന്നാം മുന്നണി ശക്തമാക്കുന്ന സാഹചര്യത്തിലാണ് നായിഡു കെസിആറിനെ ക്ഷണിച്ചത്. അതേസമയം ജഗ്ഗന്‍മോഹന്‍ റെഡ്ഡിയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തും. സംസ്ഥാന തലത്തില്‍ അല്ല ദേശീയ തലത്തില്‍ മാത്രം സഖ്യം മതിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് രാഹുല്‍ നിര്‍ദേശിച്ചത്.
ദക്ഷിണേന്ത്യയില്‍ നിന്നല്ലാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കക്ഷികളെ സഖ്യത്തിന്റെ ഭാഗമാക്കും. ആര്‍ജെഡി, എന്‍സിപി, ജാര്‍ഖണ്ഡിലെ പാര്‍ട്ടികള്‍, എന്നിവരാണ് ഒപ്പം ചേരുന്നത്. ഇത് ഇടഞ്ഞ് നില്‍ക്കുന്നവരെ ഭയപ്പെടുത്തുന്നത് കൂടിയാണ്. സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ രാഹുല്‍ ഗാന്ധിയെ നേതാവായി കാണാന്‍ ആഗ്രഹമില്ലാത്തവരാണ്. ഇതില്‍ മായാവതിയും മമതയും പ്രധാനമന്ത്രി പദത്തില്‍ നോട്ടമുള്ളവരാണ്. ഇവരെ എതിര്‍ക്കാനാണ് ഇപ്പോഴത്തെ നീക്കം.
രാഹുല്‍ ബിജെപിയേക്കാള്‍ വലിയ എതിരാളികളായി കാണുന്നത് മായാവതിയെയും മമതാ ബാനര്‍ജിയെയുമാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന് വാശി പിടിച്ചത് മായാവതിയാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലും ഈ പിടിവാശിയുണ്ടായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകള്‍ പരമാവധി കുറയ്ക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്. അപ്പോള്‍ അവരുടെ നേതൃത്വത്തിന് സാധ്യതയേറും. അഖിലേഷ് യാദവിന് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ താല്‍പര്യമുണ്ടെങ്കില്‍ മായാവതി തയ്യാറല്ല. ബംഗാളില്‍ മമയ്ക്കും കോണ്‍ഗ്രസിനെ വേണ്ടെന്ന നിലപാടാണ്. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഒറ്റയ്ക്ക് മത്സരിക്കാന്‍ രാഹുല്‍ പാര്‍ട്ടിയോട് നിര്‍ദേശിച്ചത്.
രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ പ്രഖ്യാപിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് സ്റ്റാലിന്‍ പറയുന്നു. എല്ലാ നേതാക്കളും സഖ്യം തീരുമാനമായാല്‍ ഇത് തന്നെയായിരിക്കും പ്രഖ്യാപിക്കാന്‍ പോകുന്നത്. എന്നാല്‍ 2004ല്‍ യുപിഎയുടെ നേതാവായി സോണിയാ ഗാന്ധിയെ പ്രഖ്യാപിച്ചത് വഴി ലാലു പ്രസാദ് യാദവിന് ലഭിച്ച നേട്ടങ്ങളാണ് ഡിഎംകെയും ലക്ഷ്യമിടുന്നത്. സീറ്റ് വിഭജനത്തിലും കേന്ദ്ര മന്ത്രിസഭയിലെ പ്രാതിനിധ്യത്തിലും വന്‍ നേട്ടം ഇതുവഴി സ്റ്റാലിനുണ്ടാവും. ദക്ഷിണേന്ത്യന്‍ സഖ്യത്തിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കുന്നതും സ്റ്റാലിനാണ്.
രാഹുല്‍ ദക്ഷിണേന്ത്യന്‍ സഖ്യവുമായി മുന്നോട്ട് പോകാനാണ് സ്റ്റാലിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളെ ഒരുമിച്ച് കൊണ്ടുവരാമെന്നും പ്രതീക്ഷ ഇപ്പോള്‍ കോണ്‍ഗ്രസിനില്ല. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ വിജയം പല കക്ഷികള്‍ക്കും ദഹിച്ചിട്ടില്ല. എന്നാല്‍ ഇവരെ വിശ്വസിക്കുന്നതിന് പകരം നിര്‍ജീവമായി കിടക്കുന്ന യുപിഎ ശക്തമാക്കാനാണ് രാഹുലിന്റെ തീരുമാനം. 2004ല്‍ ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിയത്. ആ രീതി തന്നെയാണ് രാഹുല്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്.