കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍: രാഹുല്‍ 24ന് എത്തും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കൊച്ചിയില്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 24ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ എത്തുക. കൊച്ചിയില്‍ അന്ന് റാലിയും സംഘടിപ്പിക്കും. ഈ റാലി തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായും കരുതാമെന്നു കോണ്‍ഗസ് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റിന്റെ കേരള പര്യടനം ഫെബ്രുവരി ഒന്നിന് ആരംഭിക്കാനിരിക്കുകയാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളും യാത്രയുടെ ഭാഗമായി മുല്ലപ്പള്ളി സന്ദര്‍ശിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നാളെ മുതല്‍ 16 വരെ ജില്ലകളില്‍ സംഘടനാ പ്രവര്‍ത്തനം വിലയിരുത്തും. ഒന്‍പതിന് കെപിസിസി നിര്‍വാഹക സമിതി ചേരും. 16 ന് തിരുവനന്തപുരത്തും 17 ന് തൃശൂരിലും 18 ന് കണ്ണൂരിലും ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും മേഖലായോഗങ്ങള്‍ ചേരും. 22, 23 തീയതികളില്‍ തിരുവനന്തപുരത്ത് നേതൃശില്‍പശാല. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കണ്‍വന്‍ഷനുകള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top