
ദില്ലി: ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉറങ്ങുന്നത് പതിവാണ്. നിരവധി തവണ മാധ്യമങ്ങളില്‍ രാഹുലിന്റെ ഉറക്കം നിറഞ്ഞുനിന്നതാണ്. എന്നിട്ടും രാഹുലിന്റെ ഉറക്കം തീര്‍ന്നിട്ടില്ല. ഇപ്പോഴും പഴയ സ്വഭാവം തന്നെ. ഗുജറാത്തില്‍ ദളിത് യുവാക്കളെ മര്‍ദിച്ച സംഭവത്തെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം നടക്കുമ്പോള്‍ രാഹുല്‍ നല്ല ഉറക്കത്തിലായിരുന്നു.
താടിക്ക് കൈ കൊടുത്ത് സുഖമായി ഉറങ്ങുന്ന രാഹുലിന്റെ മുഖ ക്യാമറയില്‍ പതിഞ്ഞു. ഗുജറാത്ത് വിഷയത്തില്‍ പ്രതിപക്ഷത്തിനുനേരെ ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റു എംപിമാരും വിഷയത്തില്‍ അലമുറയിട്ടു സംസാരിക്കുമ്പോഴും രാഹുല്‍ നല്ല ഉറക്കത്തിലായിരുന്നു. മറ്റു നേതാക്കള്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചപ്പോഴും രാഹുല്‍ ഒന്നും മിണ്ടാതെ കണ്ണുകളടച്ചിരുന്നു.
രാഹുല്‍ ഉറങ്ങുന്ന ചിത്രങ്ങളും വിഡിയോയും ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത്രയും ശബ്ദത്തില്‍ ബഹളം നടക്കുമ്പോള്‍ എങ്ങനെ ഉറങ്ങാന്‍ കഴിയുന്നുവെന്ന് ചോദിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു.