
കണ്ണൂര്‍: തെരഞ്ഞെടുപ്പുകളില്‍ പ്രധാന സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ് അപരന്മാരുടെ ആക്രമണം. ഇത്തവണ കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന വയനാട്ടിലും അപരന്മാര്‍ എത്തിയിട്ടുണ്ട്. സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്കാണ് അപരന്മാരുടെ ആക്രമണത്തെ നേരിടേണ്ടിവരിക. മൂന്നുപേരാണ് രാഹുല്‍ഗാന്ധിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.
കെ.ഇ. രാഹുല്‍ ഗാന്ധി എന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും അഖില ഇന്ത്യ മക്കള്‍ കഴകത്തിന്റെ കെ. രാഘുല്‍ ഗാന്ധിയുമാണ് ഇവര്‍. ഇവര്‍ക്ക് പുറമേ കെ.എം. ശിവപ്രസാദ് ഗാന്ധി എന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വയനാട്ടില്‍ മത്സരിക്കുന്ന ഗാന്ധിമാരിലുണ്ട്.
വയനാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്. നായരുടെ സ്ഥാനാര്‍ഥിത്വവും ഏറെ ചര്‍ച്ചയായിരുന്നു. സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനംചെയ്തെത്തിയ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത് തെളിയിക്കാനാവശ്യമായ രേഖ വരണാധികാരി ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ല. രേഖ ഹാജരാക്കാന്‍ സമയം അനുവദിച്ചു. കേസുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതിനാലും വിശദപരിശോധനയ്ക്കുമായി പത്രിക സംബന്ധിച്ച് ശനിയാഴ്ച തീരുമാനമെടുക്കും.