വയനാടുകാര്‍ക്ക് ട്വിറ്ററില്‍ ഓഫീസ് തുറന്ന് രാഹുല്‍; കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാനാകുന്നില്ലെന്ന് മോദി

കോഴിക്കോട്: വയനാട്ടിലെ വോട്ടര്‍മാരോടു സംവദിക്കാന്‍ ട്വിറ്റര്‍ പ്രത്യേക അക്കൗണ്ട് തുറന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കായാണ് അവിടുത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി അക്കൗണ്ട് തുറന്നത്. ആര്‍ജി വയനാട് ഓഫീസ് എന്നതാണ് ട്വിറ്റര്‍ ഐഡി.

രാഹുല്‍ ഗാന്ധി വിജയിച്ചാല്‍ പിന്നെ മണ്ഡലത്തില്‍ കാണില്ലെന്ന പ്രചാരണത്തിനെതിരെയാണ് വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് ആശയവിനിമയം നടത്താനുമായി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്.

അക്കൗണ്ടിലൂടെ മലയാളത്തില്‍ തന്നെയായിരിക്കും രാഹുല്‍ ട്വീറ്റ് ചെയ്യുക. അക്കൗണ്ടിലൂടെ ആദ്യമായി കെ.എം.മാണിക്ക് ആദരാഞ്ജലികളാണ് അര്‍പ്പിച്ചത്. 16, 17 തിയതികളിലെ കേരളത്തിലെ പരിപാടികളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ദക്ഷിണേന്ത്യയില്‍ ശബരിമല വിഷയം മുഖ്യപ്രചരണായുധമാക്കി പ്രധാനമന്ത്രി മോഡി രംഗത്തെത്തി. കേരളത്തില്‍ അയ്യപ്പന്റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി. കമ്മ്യുണിസ്റ്റുകാര്‍ ഭരിക്കുന്നിടത്താണ് ഈ അവസ്ഥ. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും മോഡി പറഞ്ഞു. മംഗലാപുരത്ത് നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്നലെ കോഴിക്കോട് നടന്ന റാലിയില്‍ ശബരിമലയുടെ പേര് പോലും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ കേരളത്തിന് പുറത്ത്, പ്രത്യേകിച്ച് ദക്ഷിന്ത്യേ കേന്ദ്രീകരിച്ച് ശബരിമല വിഷയം മുഖ്യ വിഷയമാക്കുകയാണ് ബി.ജെ.പി. നേരത്തെ തമിഴ്നാട്ടിലെ തേനിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി ശബരിമല വിഷയം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് തേനിയില്‍ നടന്ന റാലയില്‍ മോഡി ആരോപിച്ചു.

വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടന്നതെന്നും മോഡി തേനി റാലിയില്‍ ആരോപിച്ചു. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ ബി.ജെ.പി ഉള്ളടത്തോളം അത് നടക്കില്ലെന്ന് മോഡി പറഞ്ഞു. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കൊപ്പം മുസ്ലീം ലീഗിനെ കൂടി ചേര്‍ത്തുവയ്ക്കുന്നതിലൂടെ ഹൈന്ദവ ഏകീകരണമാണ് മോഡി ലക്ഷ്യം വയ്ക്കുന്നത്.

Top