രാഹുലും ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി; ആവശ്യങ്ങള്‍ അംഗീകരിക്കും

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയില്‍ ജിഗ്‌നേഷ് മേവാനി പങ്കുചേര്‍ന്നു.
രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 17 ആവശ്യങ്ങളാണ് ജിഗ്നേഷ് മുന്നോട്ടുവച്ചത്. അവയെല്ലാം ദളിത് വിഭാഗക്കാരുടെ അവകാശങ്ങളാണെന്ന് മറുപടി നല്‍കിയ രാഹുല്‍ ജിഗ്നേഷ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പ് നല്‍കി.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജിഗ്‌നേഷ് ഉറപ്പ് നല്‍കിയെന്നാണ് സൂചനകള്‍. രാഹുലുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം പറഞ്ഞു.guj1
കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ ജിഗ്നേഷ് നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസിലെന്നല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ ചേരില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഗുജറാത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മഹാസഖ്യം രൂപീകരിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ജെഡിയു വിമത നേതാവ് ഛോട്ടു വാസവ, പട്ടീദാര്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ ഒബിസി നേതാവ് അല്‍പേഷ് ഠാക്കൂര്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരുമായി ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. നവസര്‍ജന്‍ യാത്രയ്ക്കു പിന്നാലെ മഹാസഖ്യത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് സൂചനകള്‍.
Top