ന്യുഡൽഹി:പഴയ നേതാക്കളുമായി മുന്നേറുന്ന കോണ്‍ഗ്രസിന് ഇനി തിരിച്ചു വരാന്‍ കഴിയില്ലെന്ന് വിധിയെഴുതിയ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി എല്ലാ സംസ്ഥാനങ്ങളിലും പുനസംഘടന നടപ്പിലാക്കിയത്. യുവനേതാക്കളെയും പുതിയ നേതാക്കളെയും സംഘടന ഏല്‍പ്പിക്കുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉദ്ദ്യേശം. അതോടൊപ്പം തന്നെ വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ എന്ന ചുമതല നല്‍കി വേറെയും പുതിയ നേതാക്കളെ കണ്ടെത്തി. എംപിയായി ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിരുന്ന സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റെടുക്കുന്നത് അങ്ങനെയാണ്. അഞ്ച് വര്‍ഷത്തോളമായി സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ നടത്തി വന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഇത്തവണ അധികാരം ലഭിച്ചത്. യുവജനങ്ങളുമായും കര്‍ഷകരുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു സച്ചിന്‍ പൈലറ്റ്. രാജേഷ് പൈലറ്റ് എന്ന പിതാവിന്റെ മകനായി രാഷ്ട്രീയത്തിലെത്തിയ സച്ചിന്‍ പൈലറ്റ് എന്ന യുവാവില്‍ നിന്ന് ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത സച്ചിന്‍ പൈലറ്റ് എന്ന മികച്ച രാഷ്ട്രീയക്കാരന്‍ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.
സച്ചിന്‍ പൈലറ്റിനെ പോലെ തന്നെ മാധവ റാവു സിന്ധ്യ എന്ന പ്രശസ്തനായ രാഷ്ട്രീയ നേതാവിന്റെ മകനായി തന്നെയാണ് ജ്യോതിരാദിത്യ സിന്ധ്യയും രാഷ്ട്രീയത്തിലെത്തുന്നത്. ഗുണയില്‍ നിന്നുള്ള ലോക്‌സഭ എംപിയായ ജ്യോതിരാധിത്യ സിന്ധ്യയുടെ മികവിലാണ് മധ്യപ്രദേശില്‍ അധികാരം പിടിച്ചെടുത്തതെന്ന് കണക്കുകള്‍ പറയുന്നു. മികച്ച രാഷ്ട്രീയതന്ത്രജ്ഞനായ കമല്‍നാഥും മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും ചേര്‍ന്നാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ മുന്നോട്ട് കൊണ്ടുപോയതെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാണ് പ്രചരണത്തെ നയിച്ചത്. പുതിയ കാല നേതാവിനു വേണ്ട ശരീരഭാഷയോടെ ജ്യോതിരാധിത്യ സിന്ധ്യ ബിജെപിക്കെതിരെ പ്രചരണം ആരംഭിച്ചതോടെ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളെല്ലാം കോണ്‍ഗ്രസിനൊപ്പം നിന്നു. 47കാരനായ ജ്യോതിരാദിത്യ സിന്ധ്യയും ഇനിയുള്ള നാളുകളില്‍ രാജ്യം അറിയുന്ന നേതാവായി ഇവിടെയുണ്ടാകും.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി ഒറ്റകക്ഷിയായെങ്കിലും ജനതാദളുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നു. ഇവിടെ ബിജെപി ഓപ്പറേഷന്‍ കമല എന്ന പരിപാടി നടത്താന്‍ ശ്രമിച്ചെങ്കിലും നടപ്പിലാക്കാന്‍ കഴിയാതെ പോയത് ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ മിടുക്കിലായിരുന്നു. നേരത്തെയും ഇങ്ങനെ കോണ്‍ഗ്രസിനെ പലപ്പോഴും സഹായിച്ചിട്ടുണ്ടെങ്കിലും രാജ്യമറിയുന്ന നേതാവായി ശിവകുമാര്‍ മാറുന്നത് കര്‍ണാടകയില്‍ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടായപ്പോഴാണ്. ബിജെപിയുടെ കോട്ടയായി മാറിയ ബെല്ലാരി ലോക്‌സഭ മണ്ഡലം കോണ്‍ഗ്രസിന് നേടിക്കൊടുത്തതും ശിവകുമാറിന്റെ നേതൃത്വത്തിലാണ്. കര്‍ണാടകയിലെ ജലവിഭവവകുപ്പ് മന്ത്രിയായ ശിവകുമാറിനെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ വേദികളിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പദ്ധതിയുണ്ട്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ രമണ്‍സിംഗിനെ പോലെ ജനങ്ങളറിയുന്ന നേതാക്കളോ ഇല്ലാഞ്ഞിട്ടും ചത്തീസ്ഗഡ്് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം കോണ്‍ഗ്രസ് പിടിച്ചെടുത്തതും പുതിയ നേതാക്കളുടെ മികവിലാണ്. വരും കാലങ്ങളില്‍ ഇവരും ദേശീയ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായി മാറിയേക്കും.കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ വ്യക്തി പ്രഭാവത്താല്‍ ബിജെപി അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസ് രാജ്യത്ത് അവസാനിക്കുന്നു എന്ന വികാരം രാജ്യത്തുടനീളം ഉണ്ടായിരുന്നു. എല്ലാ വിധത്തിലുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുകയും നരേന്ദ്രമോഡി, അമിത്ഷാ തുടങ്ങിയ നേതാക്കളും ഉള്ള ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുള്ള നേതാക്കളും സംവിധാനങ്ങളും ഉണ്ടോ എന്നായിരുന്നു പല ദിക്കുകളില്‍ നിന്നും ഉയര്‍ന്ന ചോദ്യം. രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിയെ ബിജെപി കണക്കറ്റ് പരിഹസിക്കുകയും പലപ്പോഴും മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഊര്‍ജ്ജസ്വലരായ ഒരുപാട് നേതാക്കളെയാണ് സംഭാവന ചെയ്തിരിക്കുന്നത്.