കൊച്ചി: ആദായനികുതി വെട്ടിപ്പും കള്ളപ്പണ ഇടപാടും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും റെയ്ഡ്. ഉടമകളുടേയും പ്രധാന ജീവനക്കാരുടേയും വീടുകളിലും റെയ്ഡ് നടത്തുന്നു.
അദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. ആദായനികുതി കൃത്യമായി അടയ്ക്കുന്നില്ലെന്ന പരാതിയിലാണ് നടപടിയെന്നാണ് സൂചന. അറുപത് പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചി ആദായ നികുതി ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റെയ്ഡ്.
മുത്തൂറ്റ് ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മിനി മുത്തൂറ്റ്, മുത്തൂറ്റ് മെര്‍ക്കന്റയില്‍ എന്നീ സ്ഥാപനങ്ങളാണ് മുത്തൂറ്റിന്റെ പേരിലുള്ളത്. മുത്തൂറ്റ് കുടുംബത്തിലെ സഹോദരന്മാരാണ് ഇവ നടക്കുന്നത്. കോഴഞ്ചേരിയിലെ ഒരു കെട്ടിടത്തിലാണ് ഈ സ്ഥാപനങ്ങളുടെ എല്ലാം രജിസ്റ്റേര്‍ഡ് ഓഫീസ്. എന്നാല്‍ ഓരോ വിഭാഗത്തിനും പ്രത്യേകം കോര്‍പ്പറേറ്റ് ഓഫീസുകളുണ്ട്. ഇവിടെയെല്ലാം പരിശോധന നടക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഇത്തരം പരാതികള്‍ ലഭിച്ചെങ്കിലും നടപടികളെടുക്കാന്‍ കഴിഞ്ഞില്ല. ഉന്നത സ്വാധീനമായിരുന്നു ഇതിന് കാരണം.
കേന്ദ്ര സര്‍ക്കാര്‍ മാറിയതോടെ ഈ പരാതികള്‍ പൊടി തട്ടിയെടുക്കുകയായിരുന്നുവെന്നാണ് സൂചന. നേരത്തെ കിംസ് ആശുപത്രി ഗ്രൂപ്പിനെതിരെയും ഇത്തരത്തില്‍ വ്യാപക പരിശോധന നടന്നിരുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായതോടെ മുത്തൂറ്റിനെതിരായ ഫയല്‍ തുറക്കുകയായിരുന്നു. നികുതി വെട്ടിപ്പ്, കള്ളപ്പണ ഇടപാട്, വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കുഴല്‍പ്പണം ഇടപാട് തുടങ്ങി നിരവധി പരാതികള്‍ മുത്തൂറ്റിനെതിരെ ലഭിച്ചിട്ടുണ്ട്. ഇത്തരം പരാതികളില്‍ കഴമ്പുണ്ടോയെന്നാണ് ഇന്നത്തെ റെയ്ഡിലെ പ്രധാന അന്വേഷണം. ഇക്കാര്യത്തില്‍ അന്തിമ നിഗമനങ്ങളെടുക്കാന്‍ ദിവസങ്ങളുടെ വിലയിരുത്തലുകള്‍ വേണ്ടിവരും.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പലാണ് പ്രധാനമായും പരിശോധന. സ്വര്‍ണ വായ്പാരംഗത്ത് സജീവമായുള്ള സ്ഥാപനം താഴേക്കിടയിലുള്ള ജനവിഭാഗത്തിനായി മൈക്രോ ഫിനാന്‍സ് രംഗത്ത് ഭവന വായ്പവരെയുള്ള വ്യത്യസ്ത വായ്പകള്‍ മുത്തൂറ്റ് പാപ്പച്ചന്റെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നല്‍കുന്നുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 50,000 ആക്കുവാനാണ് മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് സംരംഭമായ മുത്തൂറ്റ് മൈക്രോഫിന്‍, 10 ലക്ഷം വനിതാ സംരംഭകരുമായി ഇപ്പോള്‍ രാജ്യത്തെ മുന്‍നിര മൈക്രോഫിനാന്‍സ് കമ്പനികളില്‍ 7ാം സ്ഥാനത്താണ്. 2018ഓടുകൂടി ഗ്രാമീണമേഖലയില്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് വായ്പകള്‍ നല്‍കി മൈക്രോ ഫിനാന്‍സ്രംഗത്ത് രണ്ടാംസ്ഥാനത്തെത്തുകയാണ് ലക്ഷ്യം.
2011ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഹൗസിങ് ഫിനാന്‍സ് കമ്പനിയില്‍ ഇതുവരെ ശരാശരി 5.5 ലക്ഷം രൂപ വീതം 6700 ഉപയോക്താക്കള്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട. എന്നാല്‍ ഈ ഫണ്ടുകളില്‍ കൃത്രിമമുണ്ടെന്ന പരാതികള്‍ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നു. ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്ഡ്.