
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തി. ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പിലാണ് എക്സൈസ് സംഘം റെയ്ഡ് നടത്തിയത്.
6000 കിലോ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ സൂക്ഷിച്ച 20 അന്യ സംസ്ഥാന തൊഴിലാളികളെ സംഘം അറസ്റ്റ് ചെയ്തു. ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് മയക്ക്മരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടു കൂടിയാണ് എക്സൈസ് സംഘം തെരച്ചില്‍ തുടങ്ങിയത്. എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥര്‍ പല സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആറായിരം കിലോ ലഹരി വസ്തുക്കള്‍ സംഘം പിടിച്ചെടുത്തു. ബ്രൗണ്‍ഷുഗറും വിദേശ മദ്യവും ഉള്‍പ്പെട്ട ലഹരി വസ്തുക്കള്‍ക്ക് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും എന്ന് എക്സൈസ് സംഘം അറിയിച്ചു.
ഇരുപതോളം പേരെ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാറുകള്‍ പൂട്ടിയത് കേരളത്തില്‍ ലഹരി ഉപഭോഗം വര്‍ധിക്കാന്‍ ഇടയാക്കിയതായി ഋഷിരാജ് സിങ് പറഞ്ഞു. യുവാക്കളിലും സ്ത്രീകളിലും ലഹരിയുടെ ഉപയോഗം കൂടിയിട്ടുണ്ട്. ലഹരിമരുന്ന് വില്‍പ്പന വ്യാപകമായിരിക്കുന്നത് ഗൗരവമായ വിഷയമാണെന്നും ഋഷിരാജ് സിങ് പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ എക്സൈസിന് അധികാരം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.