യാത്രക്കാര്‍ക്ക് തിരിച്ചടി റെയില്‍വേ സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനിമുതല്‍ കൗണ്ടര്‍ വഴി ലഭിക്കില്ല.ലാഭം കൊയ്യാന്‍ സ്വകാര്യ കൗണ്ടറുകള്‍

പാലക്കാട്: ദീര്‍ഘദൂര ട്രെയിനുകളില്‍ പകല്‍സമയ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ ഇനി റെയില്‍വേ കൗണ്ടറുകള്‍ വഴി ലഭ്യമാകില്ല. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതെ സ്ലീപ്പര്‍, എസി കോച്ചുകളിലെ യാത്ര ഇതോടെ ദുഷ്‌കരമാകും. പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളില്‍ ഇന്നലെ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ദീര്‍ഘദൂര തീവണ്ടികളില്‍ പകല്‍ സമയത്തെ ഹ്രസ്വയാത്രയ്ക്ക് സ്ലീപ്പര്‍ ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യാവുന്ന സൗകര്യമാണ് റെയില്‍വേ നിര്‍ത്തലാക്കിയത്.

റയില്‍‌വേ ടിക്കറ്റുകള്‍ ഇനി സ്വകാര്യ കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതു സംബന്ധിച്ച നടപടികള്‍ റയില്‍‌വകുപ്പ് പൂര്‍ത്തിയാക്കി. യാത്രി ടിക്കറ്റ് സുവിധാകേന്ദ്ര (വൈടിഎസ്കെ) പദ്ധതി പ്രകാരമാണ് ടിക്കറ്റ് വില്പന സ്വകാര്യമേഖലയ്ക്ക് നല്‍കിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്തരം കൗണ്ടരുകള്‍ വഴി എടുക്കുന്ന സാധാരണ ടിക്കറ്റുകള്‍ക്ക് ഒരുരൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ അധികമായി യാത്രക്കാരില്‍നിന്ന് ഈടാക്കാം. രണ്ടാംക്ലാസ്, സ്ലീപ്പര്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് മുപ്പതും ഉയര്‍ന്ന ക്ലാസുകളിലേതിന് നാല്‍പ്പതും രൂപ സര്‍വീസ് ചാര്‍ജിനത്തില്‍ ഈടാക്കാം. സര്‍വീസ് ചാര്‍ജിന്റെ 25 ശതമാനം റെയില്‍വേയ്ക്ക് നല്‍കണമെന്ന നിര്‍ദേശവും വ്യവസ്ഥകളിലുണ്ട്.

അഞ്ചുവര്‍ഷമായി റെയില്‍വേയുടെ അംഗീകൃത ടിക്കറ്റ് വിതരണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൗണ്ടര്‍ അനുവദിക്കുക. കേരളത്തില്‍ പാലക്കാട് ഡിവിഷനുകീഴിലുള്ള കുറ്റിപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ ഒന്നും കോഴിക്കോട്ട് രണ്ടും കൗണ്ടറുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ നാല് കൗണ്ടറുകള്‍വഴി ഈ മാസം അവസാനത്തോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും.

അതേസമയം ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഭീമമായ സാമ്പത്തികച്ചെലവ് വരുന്ന പദ്ധതിയാണ് റെയില്‍വേ മുന്നോട്ടുവെച്ചിട്ടുള്ളത്. ലൈസന്‍സ് ലഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. ലൈസന്‍സിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. വര്‍ഷംതോറും 5000 രൂപ അടച്ച് ലൈസന്‍സ് പുതുക്കണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വേറെയും നല്‍കണം.

അഞ്ചുലക്ഷം രൂപ റെയില്‍വേയില്‍ അടച്ചാല്‍ 4.5 ലക്ഷം രൂപയ്ക്കുവരെയുള്ള ടിക്കറ്റുകള്‍ ദിവസേന വില്പന നടത്താം. ഈ തുക മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ ടിക്കറ്റുകള്‍ വിതരണംചെയ്യാന്‍ കഴിയുകയുള്ളൂ. കൂടാതെ സിസ്റ്റം ആക്‌സസ് ചാര്‍ജിനത്തില്‍ 1.65 ലക്ഷം രൂപ വര്‍ഷംതോറും നല്‍കണം. ചുരുക്കം പറഞ്ഞാല്‍ ടിക്കറ്റ് ഏജന്‍സികളേക്കൊണ്ട് ബുക്ക് ചെയ്യിക്കുന്ന അതേ അവസ്ഥ തന്നെ . എന്നാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കിട്ടാനുള്ള കാലതാമസം ഒഴിവാകുമെന്നതു മാത്രമാണ് മെച്ചം.

സ്വകാര്യ കൗണ്ടറുകളില്‍നിന്നുള്ള തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിങ് 10.30 മുതലും എ.സി. ക്ലാസുകളിലേത് 11 മണി മുതലുമാണ് ആരംഭിക്കുക. സാധാരണദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി പത്തുവരെയും അവധിദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയുമാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കേണ്ടത്. റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പി.ആര്‍.എസ്.), അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്) ടെര്‍മിനലുകളുടെ ഡാറ്റാചാനലുകളാണ് സ്വകാര്യ കൗണ്ടറുകളില്‍ ലഭ്യമാവുക. ആവശ്യമായ ടിക്കറ്റ് റോളുകള്‍ മാത്രമാണ് റെയില്‍വേ സൗജന്യമായി നല്‍കുക. റെയില്‍വേയുടെ പ്രത്യേക അനുമതിയില്ലാതെ കൗണ്ടര്‍ മറ്റൊരിടത്തേക്കു മാറ്റാനാകില്ല.

പതിനാറാം തീയതി റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലര്‍ തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകളില്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. പാസഞ്ചര്‍ ട്രെയിനുകളിലെ ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ മാത്രമാണ് ഇനി സാധാരണ ടിക്കറ്റ് കൗണ്ടര്‍ വഴി ലഭ്യമാകുക. പകല്‍ സമയത്ത് ഹ്രസ്വദൂര യാത്ര ചെയ്യുന്നവരെ ഇത് ദുരിതത്തിലാക്കും,

റിസര്‍വ്ഡ് കോച്ചുകളിലെ സ്ലീപ്പര്‍ യാത്രക്കാരുടെ സാന്നിദ്ധ്യം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതി ഒഴിവാക്കാനാണ് പുതിയ ഭേദഗതി എന്ന് അറിയുന്നു. എന്നാല്‍ സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ടിടിഇയുടെ അനുവാദത്തോടെ കൂടുതല്‍ പണം നല്‍കിയും യാത്ര ചെയ്യാനാകും. എന്നാല്‍ പരിശോധകന്റെ അനുവാദമില്ലാതെ യാത്ര ചെയ്‌തതായി കണ്ടെത്തിയാല്‍ സ്‌ക്വാഡ് പിഴ ചുമത്താനാണ് തീരുമാനം.
അതേസമയം യാത്രക്കാരുടെ ആശങ്ക പരിഹരിക്കുമെന്നും തിരുവനന്തപുരം ഡിവിഷനില്‍ പുതിയ തീരുമാനം കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ നടപ്പാക്കുവെന്നും സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ വി സി സുധീഷ് പറഞ്ഞു.

Top