വയനാട്: മഴയും കാറ്റും വീണ്ടും ശക്തമായതോടെ വയനാട് ജില്ലയും കോഴിക്കോടന്‍ മലയോര പ്രദേശങ്ങളും വീണ്ടും ആശങ്കയിലായി. വയനാട് കരുവാരക്കുണ്ടിന് സമീപം കല്‍കുണ്ടിലും മട്ടിപ്പാറ വനത്തിനുള്ളിലും വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല.
താമരശ്ശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ ഉരുള്‍പൊട്ടി. കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലുണ്ട്. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി. തലപ്പുഴയ്ക്കടുത്ത് കമ്പിപ്പാലത്ത് തോട്ടില്‍വീണ് ഒരാളെ കാണാതായി. പ്രദേശത്തെ മരിച്ചവീട്ടില്‍ വന്ന ആളെയാണ് തോട്ടില്‍ വീണ് കാണാതായത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് തോട് പുഴയായി മാറുകയും ചെയ്തു. പ്രദേശത്തുകാരനല്ലാത്ത ഇയാള്‍ക്ക് വേണ്ടി രാവിലെ മുതല്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും മഴ ശക്തിപ്രാപിച്ചതും മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്. തലപ്പുഴ, പേര്യ ഭാഗങ്ങളിലെ തോടുകളെല്ലാം നിറഞ്ഞു കവിഞ്ഞു. പലഭാഗങ്ങളും ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. സമാന സാഹചര്യമാണ് കോഴിക്കോടിന്റെ മലയോര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
മഴയോടൊപ്പം ശക്തമായ കാറ്റും പലയിടങ്ങളിലും വീശിയടിക്കുന്നത് ഏറെ ആശങ്കയാണുണ്ടാക്കുന്നത്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ വളരെ ശക്തമായതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പരിസരവാസികളും ജാഗ്രത പാലിക്കണമെന്നും കക്കയം ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മഴകുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ പലരും വീട് വൃത്തിയാക്കാനും മറ്റും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.
എന്നാല്‍ ഇന്നലെ രാത്രിമുതല്‍ മഴ പൂര്‍വാധികം ശക്തി പ്രാപിച്ചതോടെ ഇവര്‍ക്ക് ദുരിതാശ്വാസ ക്യാമ്പിലേക്കു തന്നെ തിരിച്ച് പോവേണ്ട അവസ്ഥയാണ്. കോഴിക്കോട് ജില്ലയില്‍ മാവൂര്‍, താമരശ്ശേരി,കാരശ്ശേരി, കുറ്റ്യാടി ഭാഗങ്ങളിലാണ് അതിശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടുവരുന്നത്. തോടുകളും പുഴകളും കരകവിഞ്ഞൊഴുകയാണ്. പലയിടങ്ങളിലും കൃഷി സ്ഥലങ്ങളും പാടങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലായി. തോടുകളിലും പുഴകളിലും വെള്ളത്തിന്റെ തോത് വര്‍ധിച്ച് വരുന്നുണ്ടെങ്കിലും കോഴിക്കോട് ജില്ലയില്‍ എവിടേയും ഇതുവരെ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാല്‍ ഇതിനുളള സാധ്യത മുന്നില്‍ കണ്ട് ശക്തമായ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടള്ളത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ള കണ്ണപ്പന്‍കുണ്ടില്‍ ദുരിതാശ്വാശ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. എങ്കിലും മഴയുടെ ശക്തിവര്‍ധിക്കുന്നത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ആറ് താലൂക്കിലെ എട്ട് പഞ്ചായത്തുകളിലായി 11 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
293 കുടുംബങ്ങളില്‍നിന്നുള്ള 1028 പേര്‍ ദിവസങ്ങളായി ഇവിടെ കഴിയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്നലെ മുതല്‍ മഴ കനത്തതോടെ കൂടുതല്‍ പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്ക് എത്തിക്കേണ്ട അവസ്ഥയാണുള്ളത്.