കോട്ടയം: പാലാ നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസരത്തും വെള്ളം കയറിയതോടെ നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. പാലായില്‍ നിന്നു പൊന്‍കുന്നം, വൈക്കം, ഈരാറ്റുപേട്ട, എന്നിവിടങ്ങളിലേക്ക് പൂര്‍ണമായും തൊടുപുഴ ഭാഗത്തേക്കു ഭാഗികമായും വാഹനഗതാഗതം നിലച്ചു. വീടുകളുടെ താഴത്തെ നിലകളില്‍ വെള്ളം കയറി ദുരിതത്തിലായ വയോധികരടക്കമുള്ള കുടുംബാംഗങ്ങളെ വിവിധയിടങ്ങളിലേക്കു മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
നഗരത്തിലെ 100ഓളം കടകളിലും 30 വീടുകളിലും വെള്ളം കയറി. പാലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഗരസഭയുടെ ദുരിതാശ്വാസ ക്യാംപ് തുറന്നു. ഇവിടെ 14 കുടുംബങ്ങള്‍ എത്തിയിട്ടുണ്ട്.
റിവര്‍വ്യൂ റോഡില്‍ ടൗണ്‍ഹാളിന് സമീപം ടാറിങ്ങിനും ടൈലുകള്‍ പാകിയതിനും ഇടയിലായി വിള്ളല്‍ രൂപപ്പെട്ടത് ആശങ്കയ്ക്കിടയാക്കി. മുന്‍കരുതലായി പൊലീസ് ഇവിടെ സുരക്ഷാ ലൈന്‍ തീര്‍ത്തിരിക്കുകയാണ്. പാറപ്പിള്ളി, കരിമ്പത്തികണ്ടം, കളരിയാമാക്കല്‍, പരുത്തിക്കുന്ന് എന്നിവ ഉള്‍പ്പെടുന്ന തുരുത്ത് നാലുവശത്തും വെള്ളം കയറിയതോടെ ഒറ്റപ്പെട്ടു.
കൊല്ലപ്പിള്ളി ഭാഗത്ത് വെള്ളം കയറി. മിക്കയിടത്തും മൂന്നടിയിലേറെ വെള്ളം കയറിയിട്ടുണ്ട്. രാമപുരം റൂട്ടില്‍ മുണ്ടുപാലം, മാര്‍ക്കറ്റ് ജംക്ഷന്‍, ക്ഷേത്രം ജംക്ഷന്‍, പാലവേലി, വെള്ളിയാപ്പിള്ളി, എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. പൊന്‍കുന്നം റോഡില്‍ കടയം, വായനശാല ജംക്ഷന്‍, പൂവരണി, 12ാം മൈല്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. ഇതോടെ പൊന്‍കുന്നം പാലാ ബസ് സര്‍വീസുകള്‍ നിര്‍ത്തി.
ഈരാറ്റുപേട്ട റൂട്ടില്‍ മൂന്നാനി, ചെത്തിമറ്റം, ഇടപ്പാടി, കൊച്ചിടപ്പാടി, മേരിഗിരി, വട്ടോളി കടവ്, അമ്പാറ എന്നിവിടങ്ങള്‍ മുങ്ങി. കോട്ടയം റൂട്ടില്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡ്, ബിഷപ് ഹൗസ് ജംക്ഷന്‍, മുത്തോലി, അരുണാപുരം, ഇന്‍ഡ്യര്‍ ജംക്ഷന്‍, പുലിയന്നൂര്‍ ചേര്‍പ്പുങ്കല്‍ ഭാഗങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.