
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് സസ്‌പെന്‍ഡ് ചെയ്ത വിമോദിന്റെ അവസ്ഥ നാളെ നമുക്കും വരാമെന്ന് പറഞ്ഞ് നാക്ക് വായിലേക്കിട്ടേയുള്ളൂ. ഉടന്‍ തന്നെ പണികിട്ടി. മുഖ്യമന്ത്രി പിണറായി വിജയന് നട്ടെല്ലില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ രാജഗോപാല്‍ അരുണിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. അതോടെ സസ്‌പെന്‍ഷനും കൈയ്യില്‍ കിട്ടി.
ആഭ്യന്തരവകുപ്പിന്റെ പരിശോധനയെ തുടര്‍ന്നാണ് പൊലീസുകാരനെതിരെ നടപടി.ആലപ്പുഴ എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസറായ രാജഗോപാല്‍ അരുണിമയാണ് വകുപ്പു മന്ത്രിയെയും പൊലീസ് മേധാവിയെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകരെ നായിന്റെമക്കള്‍ എന്നാണ് പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്.
ഇതെന്ത് ഭരണമാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധ്യമായി ചെയ്തതിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പറയുന്നു അത് പോലീസ് അതിക്രമമാണെന്ന്. ഇരട്ട ചങ്കുണ്ടെന്ന് അവകാശപ്പെടുന്നയാള്‍ക്ക് നട്ടെല്ലുണ്ടായിരുന്നുവെങ്കില്‍ പൊലീസുകാര്‍ക്ക് ഈ ഗതികേടുണ്ടാകില്ലെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പറയുന്നു. അപ്പോള്‍ ആ അക്രമം നടത്താന്‍ പറഞ്ഞത് കോടതിയല്ലേ. ഇവിടെ എസ്‌ഐ ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്തത്. അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണെന്നും രാജഗോപാല്‍ അരുണിമ പറയുന്നു. നാളെ നമുക്കും ഈ അനുഭവം ഉണ്ടാകും.
ഭരണകൂടത്തിനു വേണ്ടി ജോലി ചെയ്യുന്ന നമ്മളെ അവര്‍ സംരക്ഷിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഈ നാലാം ലിംഗക്കാര്‍ക്ക് അമിത സ്വാതന്ത്യം നല്‍കി ഇപ്പോള്‍ ആരുടെ സ്വകാര്യതയിലും കടന്നു ചെല്ലാനുളള അവകാശമായി അവര്‍ കാണുന്നു നായിന്റെ മക്കള്‍ എന്ന കുറ്റപ്പെടുത്തലോടെയാണ് ഫേസ്ബുക്ക് പോസറ്റ് അവസാനിക്കുന്നത്. രാജഗോപാല്‍ അരുണിമ എന്ന പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എസ്‌ഐ വിമോദിനെയാണ്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാജഗോപാലില്‍ നിന്ന് മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.