തിരക്കഥ മോഷണം: രജനീകാന്ത് കോടതിയിൽ നേരിട്ടു ഹാജരാകാൻ ഉത്തരവ്

സ്വന്തം ലേഖകൻ

മധുര: തമിഴ് സൂപ്പർ താരം രജനികാന്ത് നേരിട്ട് ഹാജരാകണമെന്ന് മധുര കോടതിയുടെ നിർദ്ദേശം. ലിംഗ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. തിരക്കഥ മോഷ്ടിച്ചതാണ് എന്ന് കാട്ടി നൽകിയ പരാതിയിന്മേലാണ് കോടതി രജനികാന്തിന് സമൻസ് അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെആർ രവിരത്‌നം എന്നയാൾ നൽകിയ കേസിൽ രജനികാന്ത് പ്രതിയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് റോക് ലിൻ വെങ്കടേഷ്, ബി പൊൻകുമാർ, സംവിധായകൻ കെഎസ് രവികുമാർ തുടങ്ങിയവരാണ് മറ്റ് പ്രതികൾ. ദക്ഷിണേന്ത്യൻ തിരക്കഥാകൃത്തുക്കളുടെ സംഘടനയുടെ ജനറൽ സെക്രട്ടറിയും കേസിൽ പ്രതിയാണ്. രജനികാന്ത് ഉൾപ്പടെയുള്ളവർ നാളെ നേരിട്ട് കോടതിയിൽ ഹാജരാകാനാണ് മധുര അഡീഷണൽ ജില്ലാ മുൻസിഫ് നിർദ്ദേശം നൽകിയത്.

കേസിൽ വിചാരണ നടപടികൾ ഏപ്രിൽ 30നകം തീർക്കണം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതനുസരിച്ചാണ് കേസ് എത്രയും വേഗം പരിഗണിച്ചതും പ്രതികളോട് നേരിട്ട് ഹാജരാകാൻ മുൻസിഫ് കോടതി ആവശ്യപ്പെട്ടതും. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് കാട്ടി ലിംഗയുടെ നിർമ്മാതാവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്മേലാണ് കേസ് അടിയന്തിരമായി തീർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

2014ലാണ് ലിംഗ ചിത്രത്തിന്റെ തിരക്കഥ സംബന്ധിച്ച തർക്കം ഹൈക്കോടതിയിൽ എത്തിയത്. റിലീസ് ചെയ്യുന്നതിന് മുമ്പ് അഞ്ച് കോടി രൂപ ഡിഡി ആയും 5 കോടി രൂപ ബാങ്ക് ഗ്യാരണ്ടി ആയും കെട്ടിവെക്കാൻ നിർമ്മാതാവിനോട് നിർദ്ദേശിച്ചു. എന്നാൽ ഹൈക്കോടതി വിധിക്കെതിരെ നിർമ്മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. ലിംഗ അടിയന്തരമായി റിലീസ് ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം.

ഒരു കോടി രൂപ ബാങ്ക് ഗാരണ്ടിയായി കെട്ടിവെച്ചാൽ മതിയെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. കേസിൽ ആറ് മാസത്തിനകം വിചാരണ തീർക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതുനസരിച്ചുള്ള വിചാരണ നടപടികൾ പിന്നെയും നീണ്ടു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിവിധി നടപ്പാക്കാൻ നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് നിർമ്മാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

Top