ജെയ്പൂര്‍: രാജസ്ഥാന്‍ കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അശോക് ഗഹ്ലോട്ടിനെ മാറ്റി സച്ചിന്‍ പൈലറ്റിനെയാക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ രംഗത്ത്. സംസ്ഥാനസര്‍ക്കാരില്‍ നേതൃമാറ്റാം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. രാജസ്ഥാനിലെ തോഡാ ഭീം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയ പൃഥ്വിരാജ് മീണയാണ് കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്.
അശോക് ഗഹ്ലോട്ടിന് ജാട്ട് ഗജ്ജാര്‍ സമുദായങ്ങള്‍ക്കിടയിലുള്ള സ്വാധീനം നഷ്ടപ്പെട്ടുവെന്നും ഇവരെ ഒന്നിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും യുവമുഖ്യമന്ത്രി എത്തുന്നതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്യുക എന്നും മീണ പറഞ്ഞു. കിഴക്കന്‍ രാജസ്ഥാനിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വ്യക്തമായ സ്വാധീനമുള്ള മീണയുടെ തുറന്നു പറച്ചില്‍ സര്‍ക്കാരിനെ കുടുക്കിയിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് അന്നത്തെ സംസ്ഥാന അധ്യക്ഷനായ സച്ചിന്‍ പൈലറ്റായിരുന്നുവെന്നും മീണ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാ ന നേതൃത്വത്തിനെതിരെ ആരോപണവുമായി മന്ത്രിമാരായ രമേഷ് മീണയും ഉദയ്‌ലാല്‍ അഞ്ജാനയും രംഗത്തുവന്നിരുന്നു.
നേരത്തെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ജോധ്പൂരില്‍ നിന്നും മത്സരിച്ച വൈഭവ് ഗഹ്ലോട്ടിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം സച്ചിന്‍ പൈലറ്റാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് രംഗത്തുവന്നിരുന്നു. അതേസമയം, മകനുവേണ്ടി പ്രചരണരംഗത്ത് സജീവമായിരുന്ന മുഖ്യമന്ത്രി മറ്റുമണ്ഡലങ്ങളില്‍ പ്രചരണത്തിന് വേണ്ട വിധം സഹകരിച്ചില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്ന വിമര്‍ശനം.