രാജീവ്ഗാന്ധി വധക്കേസില്‍ ചന്ദ്രസ്വാമിയുടെ പങ്ക് അന്വേഷിക്കാത്തത് പിഴവ്; പ്രതികളില്‍ നിന്നും കണ്ടെടുത്ത ലക്ഷങ്ങളുടെ ഉറവിടം മറവില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കൊലപാതകത്തില്‍ വിവാദ സന്യാസി ചന്ദ്രസ്വാമിക്കും പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്നതായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെടി തോമസ്. ചന്ദ്രസ്വാമിയുടെ പങ്ക് അന്വേഷിക്കാതിരുന്നത് പിഴവാണെന്നും കെടി തോമസ് പറഞ്ഞു. രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തിലെ കളങ്കമാണ് അന്വേഷണ സംഘം കാണിച്ച ഈ അലംഭാവമെന്ന് പ്രതികളുടെ അപ്പീല്‍ പരിശോധിച്ച ബെഞ്ചില് അംഗമായിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ലൈവ് ലോ പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലാണ് ജസ്റ്റിസ് കെടി തോമസിന്റെ പരാമര്‍ശങ്ങള്‍

രാജിവ് വധത്തില്‍ പിടിയിലായ പ്രതികളില്‍നിന്ന് നാല്‍പ്പതു ലക്ഷത്തിന്റെ ഇന്ത്യന്‍കറന്‍സി പിടിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കായിരുന്നില്ല. പണം ചന്ദ്രസ്വാമി തന്നതാണെന്ന് പ്രതികളില്‍ ഒരാള്‍ പിന്നീട് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെടി തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിക്കാതിരുന്നത് രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തിനു തന്നെ കളങ്കമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികള്‍എല്ലാവരും എല്‍ടിടിഇ പ്രവര്‍ത്തകരും ശ്രീലങ്കക്കാരുമാണ്. അവരുടെ പക്കല്‍ ശ്രീലങ്കന്‍ കറന്‍സി കാണുന്നത് മനസിലാക്കാം എന്നാല്‍ ഇത് ഇന്ത്യന്‍ കറന്‍സി ആണ് പിടിച്ചെടുത്തത്. നാല്‍പ്പത് ലക്ഷത്തിന്റെ കറന്‍സി പിടിച്ചു. ഇത് അന്ന് വലിയ തുകയാണ്. അതിനര്‍ഥം ആരോ അവരെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നു തന്നെയാണ്. അതു സംബന്ധിച്ച് എന്തെങ്കിലും സൂചനകളുണ്ടോയെന്നാണ് താന്‍ പ്രോസിക്യൂട്ടറോടു ചോദിച്ചതെന്ന് ജസ്റ്റിസ് കെടി തോമസ് പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിആര്‍ കാര്‍ത്തികേയന്‍ അപ്പോള്‍ കോടതി മുറിയില്‍ ഉണ്ടായിരുന്നു. അദ്ദേവുമായി കൂടിയാലോചന നടത്തിയ ശേഷം സോളിസിറ്റര്‍ ജനറല്‍ അല്‍ത്താഫ് അഹമ്മദ് പറഞ്ഞത് പിറ്റേ ദിവസം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നാണ്. ഇത്രയധികം പണം പ്രതികളുടെ പക്കല്‍ എങ്ങനെ വന്നുവെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പിറ്റേന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്. ഇത് അന്വേഷണത്തിലെ വലിയ പിഴവാണ്. ഇക്കാര്യം ബെഞ്ചിലെ മറ്റു ജഡ്ജിമാരുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും ജസ്റ്റിസ് കെടി തോമസ് പറഞ്ഞു.

എല്‍ടിടിഇ പ്രവര്‍ത്തകരായ ഇരുപത്തിരണ്ടു പ്രതികളെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ടാണ് വിചാരണക്കോടതി വിധി പറഞ്ഞിരുന്നത്. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രിം കോടതി ഏഴുപേരെ ശിക്ഷിക്കുകയും മറ്റുള്ളവരെ വെറുതെ വിടുകയുമായിരുന്നു. ഏഴുപേരില്‍ നാലു പേരുടെ വധശിക്ഷ സുപ്രിം കോടതി ശരിവച്ചു. മൂന്നു പേരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.

കേസില്‍ ശിക്ഷ വിധിച്ച് കുറെക്കാലത്തിനു ശേഷമാണ് കേസില്‍ ഇരുപത്തിയാറാം പ്രതിയായിരുന്ന രംഗനാഥിന്റെ അഭിമുഖം ദ വീക്ക് പ്രസിദ്ധീകരിച്ചത്. തങ്ങളുടെ പക്കലുള്ള പണം ചന്ദ്രസ്വാമി തന്നാണെന്ന് പിടിയിലായ ഉടന്‍ തന്നെ പൊലീസിനോടു പറഞ്ഞിരുന്നതായാണ് രംഗനാഥ് അഭിമുഖത്തില്‍ പറയുന്നത്. ചന്ദ്രസ്വാമിക്ക് അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖറിനു മേലുള്ള സ്വാധീനത്തെക്കുറിച്ച് അറിയുമോ എന്നാണ് ഉദ്യോഗസ്ഥര്‍ തിരിച്ചുചോദിച്ചത്. ചന്ദ്രസ്വാമിയുടെ പേരു മിണ്ടരുതെന്ന് അവര്‍ നിര്‍ദേശിച്ചതായും രംഗനാഥ് അഭിമുഖത്തില്‍ പറയുന്നു- ജസ്റ്റിസ് തോമസ് ചൂണ്ടിക്കാട്ടി.

രാജിവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യ ലങ്കയിലേക്ക് സമാധാന സേനയെ അയച്ചത്. അവര്‍ അവിടെ കാണിച്ച ക്രൂരതയ്ക്കു പ്രതികാരമായി എല്‍ടിടിഇ രാജീവിനെ വധിച്ചു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. രാജീവിനു ശേഷം വന്ന വിപി സിങ്ങാണ് ലങ്കയില്‍നിന്ന് ഇന്ത്യന്‍സേനയെ പിന്‍വലിച്ചത്. വിപി സിങ്ങിനു ശേഷം പ്രധാനമന്ത്രിയായ ചന്ദ്രശേഖര്‍ ചന്ദ്രസ്വാമിയുടെ ശിഷ്യനായിരുന്നു. രാജ്യാന്തര ആയുധ ഇടപാടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ചന്ദ്രസാമി. കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതുകൊണ്ടാണ് ചന്ദ്രശേഖറിന് അധികാരം നഷ്ടമായതെന്നും രാജ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ജസ്റ്റിസ് കെടി തോമസ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Top