രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി; പ്രതികളെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്‌; ഗവര്‍ണര്‍ ദയാഹര്‍ജി പരിഗണിക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരായേക്കും.

പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടര്‍ന്ന് 2016-ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ്‌ എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്ത്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

അതേസമയം, കോടതിവിധിയില്‍ സന്തോഷമെന്ന് പേരറിവാളന്റെ അമ്മ പറഞ്ഞു. 28 വര്‍ഷത്തെ കാത്തിരിപ്പാണിത്. മകന് പിന്തുണ നല്‍കണമെന്നും അര്‍പ്പുതങ്കാള്‍ ആവശ്യപ്പെട്ടു. നാളെ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുമെന്നും അര്‍പ്പുതങ്കാള്‍ അറിയിച്ചു.

Top